vikas-battalion

ന്യൂഡൽഹി: ലഡാക്കിലെ പാംസോംഗ്‌ തടാകക്കരയിലുള്ള ചൈനീസ് അധിനിവേശത്തെ ഇന്ത്യൻ സേനയെ ശക്തമായി ചെറുത്തതിന്റെ വാർത്തകളാണ് ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യൻ പ്രദേശങ്ങളെ കൈപ്പിടിയിൽ ഒതുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇതാദ്യമായാണ് ഇത്രയും ശക്തമായ ഒരു തിരിച്ചടി ലഭിക്കുന്നത്. എന്നാൽ ഇതിനു ഇന്ത്യൻ സൈന്യത്തെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒരു കൂട്ടരുണ്ട്.

രാജ്യത്തേക്ക് കടന്നുകയറി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികളെ തുരത്തിയോടിക്കാൻ കണ്ണും കാതും തുറന്നുവെച്ച് സദാസമയവും ഇവർ സേവനബദ്ധരായ ധീരന്മാരെ കുറിച്ച് അധികമാർക്കും അറിയാനിടയില്ല. ഇന്ത്യൻ സേനയോടൊപ്പം മരംകോച്ചുന്ന തണുപ്പിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഈ പോരാളികൾക്ക് പേരാണ് 'വികാസ് ബറ്റാലിയൻ'.

'സ്പെഷ്യൽ ഫ്രോന്റിയർ ഫോഴ്സ്' എന്ന പേരിലും അറിയപ്പെടുന്ന ഇവർ അമേരിക്കയുടെ ഏറ്റവും ശക്തമായ സേനാവിഭാഗമായ 'നേവി സീലുകളോ'ടാണ് കൂടുതൽ സാമ്യം എന്ന് പറയുമ്പോൾ തന്നെ ഈ യോദ്ധാക്കളുടെ കരുത്ത് മനസിലാക്കാവുന്നതേയുള്ളൂ. 1962ൽ ഇന്തോ-ചൈന യുദ്ധം അവസാനിച്ച ശേഷമാണ് ഈ സേനാവിഭാഗം രൂപീകരിക്കപ്പെടുന്നത്.

യുദ്ധത്തിൽ രാജ്യത്തിനു തിരിച്ചടി ഉണ്ടായതോടെ ഇന്ത്യ-ചൈന അതിർത്തിയിൽ, അസ്ഥി പോലും മരവിപ്പിക്കുന്ന തണുപ്പിൽ രാജ്യത്തെ കാക്കാൻ ഒരു സേനാവിഭാഗം കൂടിയേ തീരു എന്ന് കണ്ടാണ്‌ അന്നത്തെ കേന്ദ്ര സർക്കാർ 'എസ്റ്റാബ്ലിഷ്‌മെന്റ് 22(അന്നത്തെ പേര്)' രൂപീകരിക്കുന്നത്. തുടക്കത്തിൽ ഈ പ്രദേശങ്ങളിലുള്ള ടിബറ്റൻ വംശജർ സേനാവിഭാഗത്തിന്റെ ഭാഗമായപ്പോൾ ധീരതയ്ക്ക് പേര് കേട്ട ഗൂർഖകളും പിന്നീട് ഈ സേനാവിഭാഗത്തിലെ അംഗങ്ങളായി.

അന്ന് മേജർ സുജാൻ സിംഗ് ഉദാനാണ് സേനയെ നയിച്ചിരുന്നെതെങ്കിൽ ഇന്ന് കേന്ദ്ര സർക്കാരിലെ ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ മേജർ ജനറൽ റാങ്കിലുള്ള സൈനിക മേധാവിയാണ്(ഇൻസ്‌പെക്ടർ ജനറൽ) ഇവരെ നിയന്ത്രിക്കുന്നത്. സാങ്കേതികമായി നോക്കിയാൽ 'വികാസ് ബറ്റാലിയൻ' ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമല്ല.

ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തന പരിധിക്കുള്ളിൽ സേവനം നടത്തുന്ന 'വികാസ് ബറ്റാലിയണി'ന് സൈനിക റാങ്കുകളോട് സമാനമായ പദവികളും അധികാരവുമുണ്ട്. എന്നാൽ സൈന്യത്തിൽ നിന്നും വിഭിന്നമായി പ്രത്യേക ദൗത്യങ്ങളാണ് 'വികാസ് ബറ്റാലിയൻ' ഏറ്റെടുത്ത് പൂർത്തീകരിക്കുന്നത്. മറ്റേത് പ്രത്യേക ദൗത്യ സേനകളോടും കിടപിടിക്കുന്ന യുദ്ധമുറകളാണ് ഇവരും സ്വായത്തമാക്കുന്നത്.

കൃത്യവും കഠിനവുമായും പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് 'വികാസ് ബറ്റാലിയണി'ലെ പോരാളികൾ രാജ്യത്തെ കാക്കാനുള്ള ദൗത്യങ്ങളുടെ ഭാഗമാകുന്നത്. സ്ത്രീ സൈനികരും ഈ സേനാ വിഭാഗത്തിന്റെ ഭാഗമായുണ്ട്. അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടന്ന പോരാട്ടം, കാർഗിൽ യുദ്ധത്തിലെ പ്രത്യേക ദൗത്യങ്ങൾ എന്നിവ മുൻപിൽ നിന്ന് നയിച്ചത് 'വികാസ് ബറ്റാലിയണാണ്'.

മറ്റ് നിരവധി ദൗത്യങ്ങളും ഇവർ വിജയകരമായി ഇവർ പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഇവ അതീവ രഹസ്യ സ്വഭാവത്തിലുള്ളതായതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തിവിട്ടിട്ടില്ല. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിലും ഇന്ത്യൻ സേനയ്ക്ക് അളവില്ലാത്ത സഹായം ചെയ്തുതന്നതും ഇവരാണ്. കിഴക്കൻ പാകിസ്ഥാനിലെ ചിറ്റഗോംഗ് കുന്നുകളിലേക്ക് വിമാനം വഴി പറന്നിറങ്ങി അവിടെ തമ്പടിച്ചിരുന്ന പാക് സേനയെ തകർത്തുകൊണ്ട് ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കിയത് രാജ്യത്തിന്റെ ഈ ചുണകുട്ടികളാണ്. 'ഓപ്പറേഷൻ ഈഗിൾ' എന്നായിരുന്നു ഈ ദൗത്യത്തിന് പേര്.

സമാനമായി യുദ്ധസാഹചര്യത്തിൽ, ബംഗ്ലാദേശിൽ നിന്നും ബർമയിലേക്ക്(ഇന്നത്തെ മ്യാൻമാർ) കടക്കാനായി ശ്രമിച്ച പാകിസ്ഥാൻ സൈന്യത്തിന്റെ പദ്ധതി തകർത്ത് യുദ്ധത്തിന്റെ ഗതി ഇന്ത്യയ്ക്ക് അനുകൂലമാക്കി എടുത്തതും ഈ സേനാവിഭാഗമാണ്. 3000ത്തോളം 'വികാസ് ബറ്റാലിയൻ' സൈനികരാണ് അന്ന് പാകിസ്ഥാനെതിരെ പോരാടിയത്. അന്ന്, ഈ ധീരപുത്രന്മാരുടെ സേവനങ്ങൾക്ക് ഇന്ത്യ അവരെ കണക്കറ്റ് ആദരിക്കുകയും ചെയ്തിരുന്നു.ഇത്തരത്തിൽ രാജ്യത്തിനു വേണ്ടി കയ്യും മെയ്യും മറന്നു പോരാടുന്ന 'വികാസ് ബറ്റാലിയണിന്റെ' ധീര പോരാട്ടങ്ങൾ പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുമാത്രമാണ് വാർത്തകളിൽ ഇടം നേടാതെ പോകുന്നത്.

Content Highlights: Know about India's formidable special force wing Vikas battallion Aka Special Frontier Force.