mask

വാഷിംഗ്‌ടൺ: വൻതോതിലുള്ള മാസ്ക് ധരിക്കലും വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹിക അകല പാലനവും ഉണ്ടായാൽ ഡിസംബർ ഒന്നോട് കൂടി ഇന്ത്യയിൽ സംഭവിക്കാനിടയുള്ള രണ്ട് ലക്ഷത്തോളം കൊവിഡ് മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്‌ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യൂവേഷനാണ് ഈ പഠനഫലം പുറത്തുവിട്ടത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ത്യയിലെ കൊവിഡ് രോഗവ്യാപന തോത് ഇനിയും കുറയ്ക്കാൻ കഴിയുമെന്നും ഇവർ പറയുന്നു. ഇതിനായി പൊതുജനാരോഗ്യ സ്ഥാപനങ്ങൾ നിഷ്കർഷിക്കുന്ന കൊവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, തുടണ്ടിയ മാർഗനിർദേശങ്ങൾ ഇന്ത്യയിലെ ജനങ്ങൾ നിർബന്ധമായും പിന്തുടരണമെന്നും പഠനം പറയുന്നുണ്ട്.

ഇന്ത്യയിൽ രോഗവ്യാപനം ഒരിക്കലും അവസാനിക്കാറായിട്ടില്ലെന്നും രാജ്യത്തെ ജനസംഖ്യയുടെ ഒരു വലിയ ശതമാനം ആളുകളിൽ രോഗം പടർന്നുപിടിക്കാൻ സാദ്ധ്യതയുണ്ടെന്നും ഐ.എച്ച്.എം.ഇ ഡയറക്ടറായ ക്രിസ്റ്റഫർ മുറേ പറയുന്നു. രോഗം തടയുന്നതിൽ പങ്ക് വഹിക്കാൻ കഴിയുന്നത് രാജ്യത്തെ സർക്കാരിനും ജനങ്ങൾക്കുമാണെന്നും അദ്ദേഹം പറയുന്നു.