ലഡാക്ക്: ലഡാക്ക് അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക. അതിർത്തിയിൽ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും, അയൽക്കാരെ ഭീഷണിപ്പെടുത്തുന്ന ചൈനയെ നേരിടേണ്ടതുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.
ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്.
ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ശത്രുനീക്കങ്ങളറിയാൻ ഉതകുന്ന ചുഷൂൽ കുന്നിൻപ്രദേശത്ത് 1962ലെ യുദ്ധകാലം മുതൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. പട്രോളിംഗ് ശക്തിപ്പെടുത്തി കുന്നിൻമുകളിൽ സ്ഥാനംപിടിച്ചിരുന്ന ഇന്ത്യൻ സേനയ്‌ക്ക് ചൈനീസ് സേനയെ ചെറുക്കാൻ കഴിഞ്ഞു.ഇതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു.
തത്‌സ്ഥിതി തകർക്കാൻ ചൈന ശ്രമിച്ചെന്ന് ഇന്ത്യൻ കരസേന പ്രസ്‌താവനയിറക്കിയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ചീഫ് ഒഫ് ആർമി സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവർ പങ്കെടുത്തു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താൻ യോഗം അജിത് ഡോവലിനെ ചുമതലപ്പെടുത്തി. സംഘർഷാവസ്ഥ ഒഴിവാക്കാൻ ചുഷൂലിൽ സൈനിക ഓഫീസർമാർ ചർച്ച തുടങ്ങി.