കൊച്ചി: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ കുട്ടിയുടെ അമ്മ നന്ദിനി നടത്തുന്ന അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിട്ടു. തന്റെ മകന്റെ മരണകാരണം വ്യക്തമാകാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് യുവതി അറിയിച്ചു.
ഇപ്പോൾ നടക്കുന്ന അന്വേഷണം ചിലരെ സംരക്ഷിക്കാനാണെന്നും, മരണകാരണം ശ്വാസംമുട്ടാണെന്നുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശ്വസിക്കാൻ കഴിയില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. യഥാർത്ഥ മരണകാരണം കണ്ടെത്തുമെന്ന ഉറപ്പ് സർക്കാരിൽ നിന്ന് കിട്ടും വരെ സമരം തുടരുമെന്ന് നന്ദിനി വ്യക്തമാക്കി.
ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജ് ഓഗസ്റ്റ് രണ്ടിനാണ് മരിച്ചത്. നാണയം വിഴുങ്ങിയതിന് പിന്നാലെ അവശനിലയിലായ കുഞ്ഞുമായി സർക്കാർ ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.കുഞ്ഞിനെ ആദ്യം ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞു.
തുടന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുഞ്ഞിനെ വീട്ടിലെത്തിച്ച് ചോറും പഴവും നൽകാനാണ് ആവശ്യപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വന്നതിനാൽ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് മെഡിക്കൽ കോളേജിൽ നിന്ന് പറഞ്ഞുവെന്ന് കുഞ്ഞിന്റെ അമ്മ നേരത്തേ ആരോപിച്ചിരുന്നു. വീട്ടിലെത്തിച്ച മൂന്ന് വയസുകാരന്റെ നില വഷളായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.എന്നാൽ മൂന്ന് വയസുകാരൻ മരിച്ചത് ശ്വാസതടസം കാരണമെന്നാണ് രാസപരിശോധന ഫലം. നാണയം വിഴുങ്ങിയതല്ല മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.