തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ തന്റെ മകനെതിരെ അടുർ പ്രകാശ് എം.പി ഉന്നയിച്ച ആരോപണം നിഷേധിച്ച് വാമനപുരം എം.എല്‍.എ ഡി.കെ.മുരളി. ഡി.കെ.മുരളിയുടെ മകനുമായിട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ ആരോപണം.
വേങ്ങമല ക്ഷേത്രത്തിലെ ഉത്സവത്തിന് വാമനപുരം എംഎല്‍എയുടെ മകനെ അവിചാരിതമായി ഒരു സ്ഥലത്ത് കണ്ടപ്പോള്‍ ചിലര്‍ ചോദ്യം ചെയ്തെന്നും, ഇതിനെ തുടര്‍ന്ന് അടിപിടിയുണ്ടായെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു.ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു ആരോപണം.
എന്നാൽ ഉത്സവത്തിനോ,ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്കോ തന്റെ മകൻ പോയിട്ടില്ലെന്ന് എം.എൽ.എ വ്യക്തമാക്കി. കുറ്റബോധം കൊണ്ട് ബോധപൂര്‍വ്വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെന്നും ഡി.കെ.മുരളി ആരോപിച്ചു.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശ് എം.പിക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ.പി ജയരാജൻ നേരത്തെ രംഗത്തെത്തിയിരുന്നു. കൊലയ്ക്ക് ശേഷം പ്രതികൾ ഈ വിവരം അറിയിച്ചത് അടൂർ പ്രകാശിനെയാണെന്നായിരുന്നു മന്ത്രിയുടെ ആരോപണം.