തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച കൊലപാതകമാണ് വെഞ്ഞാറമൂട് നടന്ന ഇരട്ടക്കൊലപാതകം. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജ്(30), ഹഖ് മുഹമ്മദ്(24) എന്നിവരെ തിരുവോണ തലേന്ന് രാത്രിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവടക്കം എട്ട് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്തു. കൊല്ലപ്പെട്ട മിഥിലാജ് അദ്ധ്വാനിച്ച് കുടുംബം പോറ്റുന്നവനാണെന്നും ഒന്നോ രണ്ടോ പേർ വന്നാലൊന്നും അവനെ കീഴ്‌പ്പെടുത്താനാവില്ലെന്നും മിഥിലാജിന്റെ സഹോദരൻ നിസാം പറഞ്ഞു.
'മിഥിലാജ് ഒരു ഗുണ്ടയോ കൂലിത്തല്ലിന് പോകുന്ന ആളോ അല്ല. അവൻ അദ്ധ്വാനിച്ച് കുടുംബം പോറ്റുന്നവനാണ്. ഒന്നോ രണ്ടോ പേർ വന്നാലൊന്നും അവനെ കീഴ്‌പ്പെടുത്താനാവില്ല. അതുകൊണ്ടാകും പത്തോളം പേർ ഒരുമിച്ചെത്തി ഇരുവരെയും ആക്രമിച്ചത് ' -നിസാം വ്യക്തമാക്കി. നേരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഫൈസലിനെ വെട്ടിപ്പരിക്കേൽപിച്ച യൂത്ത് കോൺഗ്രസുകാർ തന്നെയാണ് ഇരുവരെയും റോഡിൽ കാത്തിരുന്ന് വെട്ടിവീഴ്‌ത്തിയത്. ഫൈസലിനെ ആക്രമിക്കാനിടയായ സംഭവത്തിന്റെ തുടർച്ചയായിട്ടാകാം അവർ ഹഖിനെ ലക്ഷ്യമിട്ടെത്തിയത്.
ഹഖിനെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മിഥിലാജിനെയും കുത്തിവീഴ്‌ത്തിയത്. അവന്റെ നെഞ്ചിൽ മാരകായുധം കുത്തിയിറക്കിയിരുന്നു. ഹൃദയത്തിൽ ഏഴ് ഇഞ്ച് ആഴത്തിലാണ് കുത്തേറ്റത്. ഹഖിന്റെ തല വെട്ടിപ്പൊളിച്ച നിലയിലായിരുന്നു. സ്‌പൈനൽ കോഡിനും വെട്ടേറ്റു. അതിക്രൂരമായിട്ടായിരുന്നു അവരുടെ ആക്രമണമെന്നും നിസാം പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ മേൽഘടകങ്ങളുടെ അറിവോടെയല്ലാതെ ഇതൊന്നും നടക്കില്ലെന്നും കോൺഗ്രസ് നേതാക്കൾക്കെല്ലാം അറിവുണ്ടായിരിക്കുമെന്നും നിസാം ആരോപിച്ചു.
ഡി.വൈ.എഫ്.ഐ തേലക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായ മിഥിലാജും കലുങ്കിൻമുഖം യൂണിറ്റ് പ്രസിഡന്റായ ഹഖ് മുഹമ്മദും പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഏറെക്കാലമായി ഡി.വൈ.എഫ്.ഐയിലും പാർട്ടിയിലും പ്രവർത്തിക്കുന്നവരാണ് ഇരുവരും. ഹഖിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്നാണ് സൂചന.