covid-19

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണങ്ങളിൽ 90 ശതമാനവും 40 വയസിന് മുകളിൽ പ്രായമുള്ളവരാണെന്ന് റിപ്പോർട്ട്. സ്ത്രീകളും പുരുഷന്മാരുമടക്കം രാജ്യത്ത് മരണമടഞ്ഞ 90 ശതമാനത്തിൽ കൂടുതലും നാൽപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്. മരിച്ചവരിൽ 69 ശതമാനവും പുരുഷന്മാരാണ്.

ഓഗസ്റ്റ് 22 വരെയുള്ള രാജ്യത്തെ 56,292 കൊവിഡ് മരണങ്ങളിൽ പകുതിയിലധികവും 50 വയസിനും 70 വയസിനുമിടയിൽ പ്രായമുള്ളവരാണ്. 61 വയസിനും എഴുപത് വയസിനുമിടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ മരിച്ചത്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മരണനിരക്ക് കുറവാണ്. 56,292ൽ 17,315 സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്.ഓഗസ്റ്റ് മൂന്നാം വാരത്തോടെ കൊവിഡ് മൂലം 38,973 പുരുഷന്മാരാണ് മരണമടഞ്ഞതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്താകമാനം മരണത്തിന്റെ കാര്യത്തിൽ ഇത്തരത്തിലൊരു പ്രവണതയുള്ളതായി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ത്രീകൾക്കിടയിലെ കൊവിഡ് മരണം ഏകദേശം മൂന്നിലൊന്നാണ്. 20 വയസും അതിൽ താഴെയുമുള്ള പെൺകുട്ടികളിലും ആൺകുട്ടികളിലും മരണനിരക്ക് ഏതാണ്ട് തുല്യമാണ്. 11-20 വയസ്സിനിടയിലുള്ള 599 കൊവിിഡ് 19 മരണങ്ങളിൽ 49% പെൺകുട്ടികളാണ്.


90 വയസ്സിനു മുകളിലുള്ള 301 കൊവിഡ് 19 മരണങ്ങളുണ്ടായിട്ടുണ്ട്. ഇത് മൊത്തം മരണത്തിന്റെ 0.5% ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ജൂൺ വരെ 85 വയസും അതിൽ കൂടുതലുമുള്ള ആളുകൾ 3.4 ശതമാനം മരണമടഞ്ഞ ആഗോള ശരാശരിയേക്കാൾ വളരെ കുറവാണ് ഇത്.

'കൊവിഡ് മൂലം മരിക്കാനുള്ള സാദ്ധ്യത ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, രക്ത സമ്മ‌ർദം, വൃക്കരോഗം, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ ശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ടെസ്റ്റ്, ട്രാക്ക് ആൻഡ് ട്രീറ്റ് സ്ട്രാറ്റജി രോഗനിർണയം, നിരീക്ഷണം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്, അതേസമയം ആരോഗ്യ സംവിധാനങ്ങളെയും വിതരണ ശൃംഖലകളെയും ശക്തിപ്പെടുത്തിവരികയാണ്. ഇത് കൊവിഡ് മരണനിരക്ക് 1.7 ശതമാനമായി കുറയ്ക്കാൻ സഹായിച്ചു, ' കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ.


ആഗോള കൊവിഡ് മരണനിരക്ക് 3.3% ആണ്. പ്രായം കൂടുന്തോറും കൊവിഡ് മരണസാദ്ധ്യത വർദ്ധിക്കുന്നതായി ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിൽ ചെറുപ്പക്കാർക്കിടയിൽ മരണം സംഭവിക്കാറുണ്ട്. 'പ്രായമായവ‌ർ ന്യൂമോണിയയും മറ്റ് അസുഖങ്ങളും മൂലം മരിക്കുന്നു, പെട്ടെന്നുള്ള അപ്രതീക്ഷിത മരണം 20, 30 വയസിനിടയിലുള്ള ചെറുപ്പക്കാരിൽ സാധാരണമാണ്,

കൊവിഡ് വൈറസ് ബാധയിൽ നിന്നുള്ള പുരുഷന്മാരുടെ രോഗപ്രതിരോധം സ്ത്രീകളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് പുരുഷന്മാരിൽ കൂടുതൽ കഠിനമായ രോഗത്തിന് കാരണമാകുമെന്ന് യേൽ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള അകിക്കോ ഇവാസാക്കി നയിക്കുന്ന യുഎസ് ഗവേഷകരുടെ ഒരു സംഘം വ്യക്തമാക്കുന്നു.