തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടൂർ പ്രകാശ് എം.പിയുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സാമൂഹിക വിരുദ്ധർക്ക് കുറെ നാളുകളായി അടൂർ പ്രകാശ് എല്ലാ പിന്തുണയും നൽകുകയാണെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. അടൂർ പ്രകാശിന് ഈ കേസുമായി ബന്ധമുണ്ട് എന്നത് വസ്തുതാപരമായ കാര്യമാണ്. ആസൂത്രിത കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അടൂർ പ്രകാശിനോ കോൺഗ്രസ് നേതാക്കൾക്കോ ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വാമനപുരം എം.എൽ.എ ഡി.കെ.മുരളിക്കു നേരെയുള്ള ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ട്. പ്രതികളിൽ സി.പി.എമ്മുകാരുണ്ടെന്ന ആരോപണം കേസ് വഴി തിരിച്ചു വിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ്. മുരളിയുടെ മകനെതിരായ ആരോപണവും ഇതിന്റെ ഭാഗമാണെന്നും കടകംപള്ളി പറഞ്ഞു.