ന്യൂഡൽഹി: ഇന്ത്യയുടെയും ചൈനയുടെയും അംഗീകരിക്കപ്പെട്ട അഞ്ച് അതിർത്തികളിൽ ഒന്നാണ് ചുഷൂൽ താഴ്‌വര. ഇന്ത്യ- ചൈന സൈനിക തല ചർച്ചകൾക്ക് വേദിയാകുന്നതും ഈ പ്രദേശമാണ്. എന്നാൽ ചുഷൂൽ ഔദ്യോഗിക അതിർത്തിയാണെന്നും ഇന്ത്യയുടെ കൈയിലാണെന്നതും ചൈന അംഗീകരിക്കുന്നതേ ഇല്ല. തങ്ങളുടെ പ്രദേശമാണിവിടം എന്നാണ് അവരുടെ അവകാശവാദം.
ഈ കുന്നിൻപ്രദേശങ്ങൾ കൈപ്പിടിയിലൊതുക്കുക ചൈനയുടെ എപ്പോഴത്തെയും ദുരാഗ്രഹമായിരുന്നു. ടിബറ്റ് പിടച്ചെടുത്ത് തങ്ങളുടെ കാഴ്ക്കീഴിലാക്കിയ ചൈനയ്ക്ക് ടിബറ്റിന്മേലുളള തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കണമെങ്കിൽ 17000 അടി ഉയരത്തിലുളള ഈ പ്രദേശം കൂടിയേ തീരൂ.
അതുകൊണ്ട് തന്നെയാണ് ഈ താഴ്‌വര പിടിച്ചെടുക്കാൻ ചൈന എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നത്. 1962ലെ യുദ്ധത്തിനുശേഷമാണ് ഈ കുന്നിൽ പ്രദേശത്തിൻമേലുളള അവകാശവാദം ചൈന കൂടുതൽ ശക്തമാക്കിയത്. ചൈനയുമായുളള യുദ്ധത്തിൽ ധീരമായി പോരടിച്ചാണ് ഈ പ്രദേശം ശത്രുക്കൾക്ക് വിട്ടുകൊടുക്കാതെ ഇന്ത്യ കാത്തത്. അന്നുമുതൽ കണ്ണിലെണ്ണയൊഴിച്ചാണ് ഈ പ്രദേശം നമ്മുടെ ധീരസൈനികർ കാക്കുന്നത്. കഴിഞ്ഞദിവസവും ഈ പ്രദേശങ്ങൾ കൈടയക്കാൻ ചൈന ശ്രമിച്ചിരുന്നു. രാത്രിയുടെ മറപറ്റിയാണ് ഇവിടേക്ക് സൈനിക നീക്കം നടത്തിയത്.
ചുഷൂൽ കൈവശപ്പെടുത്തിയാൽ തങ്ങളുടെ അതിർത്തികൾ സുരക്ഷിതമായി എന്നാണ് ചൈനയുടെ വിശ്വാസം. ഉയരമുളള ഈ സ്ഥലംകാൽച്ചുവട്ടിലാക്കിയാൽ ശത്രുനീക്കങ്ങളറിയാൻ വളരെ എളുപ്പത്തിൽ കഴിയും. ടിബറ്റിലേക്കുളള രണ്ടാമത്തെ പ്രധാനപാത കടന്നുപോകുന്നത് ചുഷുൽ താഴ്‌വരയുടെ സമീപത്തുകൂടിയാണ് . ലഡാക്കിൽ അധീശത്വം ഉറപ്പിക്കാനുളള എളുപ്പവഴിയായും ചൈന കാണുന്നുണ്ട്. ടിബറ്റിൽ നിന്ന് ഈ പ്രദേശത്തേക്ക് ചൈന നിരവധി റോഡുകൾ നിർമ്മിച്ചിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചും വളരെ തന്ത്രപ്രധാന മേഖലയാണ് ചുഷൂൽ. ലഡാക്കിലേക്കുളള സൈനിക നീക്കങ്ങൾ ഉൾപ്പടെയുളളവ എളുപ്പത്തിൽ സാധിക്കണമെങ്കിൽ ഈ സ്ഥലം കൂടിയേ തീരൂ. ഒപ്പം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശവുമാണിവിടം.
ലഡാക്കിലെ ലേ ജില്ലയിലെ മനോഹരമായ ഒരു പ്രദേശമാണ് ചുഷുൽ താഴ്‌വര. വളരെ കുറച്ച് ജനങ്ങൾ മാത്രമാണ് ഇവിടെ അധിവസിക്കുന്നത്. കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന തൊഴിൽ. മഞ്ഞുവീഴ്ചയുളളപ്പോൾ മറ്റ് പ്രദേശങ്ങളിൽ നിന്ന് ഈ സ്ഥലം ഒറ്റപ്പെടും. ഈ സമയം ഇവിടത്തെ പ്രധാന വിനോദമാണ് ഐസ് ഹോക്കി.