bineesh-kodiyeri-

തിരുവനന്തപുരം: ബംഗളൂരുവില്‍ ലഹരി മരുന്നു കേസില്‍ പി‍ടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് അടുപ്പമുണ്ടെന്നുള്ള തെളിവുകളാണ് ഫിറോസ് പുറത്തുവിട്ടത്. പ്രതിയായ മുഹമ്മദ് അനൂപിനുവേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും അദ്ദേഹം ആരോപിച്ചു. അനൂപിന്റെ മൊഴിയും ഫിറോസ് പുറത്തുവിട്ടിട്ടുണ്ട്.

മയക്കുമരുന്ന് ഇരട്ടിവിലയ്ക്ക് വിൽക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഹമ്മദ് അനൂപ് കുമരകത്ത് ലഹരി പാർട്ടി നടത്തിയെന്നും ലോക്ക്ഡൗണിനിടെയാണ് നെെറ്റ് പാർട്ടി നടത്തിയതെന്നും ഫിറോസ് പറഞ്ഞു. ഈ പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തു. ഫോൺ രേഖകൾ പരിശോധിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സിനിമാ മേഖലയിലുള്ളവർക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തോടെ സിനിമാ രംഗത്തെ ലഹരി ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് എന്‍ സി ബിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിച്ചിരുന്നു. ഈ അവസരത്തില്‍ ബംഗളൂരുവില്‍ സിനിമാക്കാര്‍ക്കിടയില്‍ ലഹരി വ്യാപാരം നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എന്‍ സി ബി തീരുമാനിക്കുകയായിരുന്നു.