kafeel-khan

മഥുര: പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രസംഗം നടത്തിയതിന് ദേശീയ സുരക്ഷാ നിയമപ്രകാരം അറ‌സ്‌റ്റ് ചെയ്യപ്പെട്ട ഉത്തർപ്രദേശിലെ ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. ഇന്നലെ അർദ്ധരാത്രിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

'നീതിന്യായ വ്യവസ്ഥയോട് ഞാൻ നന്ദി പറയുന്നു. എന്റെ പ്രസംഗം ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് ...എനിക്കെതിരെ ഏറ്റുമുട്ടൽ നടത്താത്തതിന്, എന്നെ മുംബയിൽ നിന്നും മഥുരയിലേക്ക് കൊണ്ടുവരുമ്പോൾ കൊലപ്പെടുത്താത്തതിന് എസ്.ടി.എഫിനോടും (സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്) നന്ദി പറയുന്നു.'-ജയിൽ മോചിതനായ ശേഷം അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറ‌ഞ്ഞു.


'ധർമ്മത്തിന് വേണ്ടി രാജാവ് പ്രവർത്തിക്കണമെന്ന് രാമായണത്തിൽ മഹർഷി വാൽമീകി പറഞ്ഞിരുന്നു. യു.പിയിൽ 'രാജ' രാജ്യ ധർമ്മം ചെയ്യുന്നില്ല, മറിച്ച് 'ബാൽ ഹത്ത്' (കുട്ടിയെപ്പോലെ ധാർഷ്ട്യമുള്ളവനാണ്)'-'അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

ഡോ. കഫീൽ ഖാന്റെ അറസ്‌‌റ്റ് നിയമ വിരുദ്ധമാണെന്നും, ഉടൻ ഡോക്‌ടറെ മോചിപ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതി കഴി‌ഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കോടതി വിധിക്ക് ശേഷം ജയിൽ അധികൃതർ ഡോക്ടറെ മണിക്കൂറുകളോളം മോചിപ്പിച്ചിരുന്നില്ല. ഒടുവിൽ അദ്ദേഹത്തിന്റെ കുടുംബം കോടതി വിധി നടപ്പാക്കിയില്ലെന്ന് കാണിച്ച് ഹർജി നൽകുമെന്ന് പറഞ്ഞിരുന്നു.

വളരെക്കാലത്തിനുശേഷം മകനെ കാണുന്ന സന്തോഷത്തിലായിരുന്നു ഡോ. ഖാന്റെ അമ്മ നുസാത് പർവീൻ. 'എന്റെ മകൻ ഒരു നല്ല വ്യക്തിയാണ്, അവൻ ഒരിക്കലും രാജ്യത്തിനോ സമൂഹത്തിനോ എതിരല്ല- അവർ പറഞ്ഞു.

അലിഗഡ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തെ തുടർന്നാണ് കഫീൽ ഖാനെ അറസ്‌‌‌റ്റ് ചെയ്‌തത്. ഡോ.കഫീൽ ഖാനെതിരെ കേസെടുക്കാൻ അനുവദിച്ച ജില്ലാ മജിസ്‌ട്രേ‌റ്റിന് പക്ഷപാതിത്വമുണ്ടെന്ന് ഇന്നലെ കോടതി അഭിപ്രായപ്പെട്ടു. 2017ൽ ഓക്‌സിജൻ വിതരണം നിലച്ചതുമൂലം ഗോരഖ്പൂരിലെ സ‌ർക്കാർ ആശുപത്രിയിൽ 60 കുട്ടികൾ മരിച്ച സംഭവം പുറത്തറിയിച്ചതിന് ഗോരഖ്പൂർ സ്വദേശിയായ ഡോക്‌ടറെ ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.