pm-care-fund

ന്യൂഡൽഹി: പി എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകളുടെ പ്രവാഹം. കഴിഞ്ഞ മാർച്ച് 27 മുതൽ 31വരെയുളള അഞ്ചുദിവസം കൊണ്ട് 3,076 കോടിരൂപയാണ് ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്. അധികൃതർ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 3,076 കോടിയിൽ 3,075.85 കോടിരൂപയും കിട്ടിയത് രാജ്യത്തുനിന്നാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 39.67ലക്ഷം രൂപയാണ്.

സംഭാവനകിട്ടിയ തുകകളുടെ കണക്കുകൾ പി എം കെയർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സംഭാവന നൽകിയ വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ മുൻ ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം രംഗത്തെത്തിയിട്ടുണ്ട്. സംഭാവനകൾ സ്വീകരിക്കുന്ന എല്ലാ എൻ ജി ഒകളും സംഭാവനകൾ നൽകിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ബാദ്ധ്യതയുണ്ട്. അങ്ങനെയുളളപ്പോൾ എന്തുകൊണ്ട് പി എം കെയർ അങ്ങനെ ചെയ്യുന്നില്ല എന്നാണ് അദ്ദേഹം ചോദിച്ചത്.

ഇന്ത്യയി​ലെ കൊവി​ഡ് പ്രതി​രോധത്തി​നും ദുരി​താശ്വാസത്തി​നുമായാണ് പി എം കെയേഴ്സ് ഫണ്ട് നി​ലവി​ൽ വന്നത്. പിഎം കെയർ ട്രസ്‌റ്റിനാണ്‌ പി എം കെയർ ഫണ്ടിന്റെ മേൽനോട്ടചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്‌ ട്രസ്‌റ്റ്‌ ചെയർമാൻ.ആഭ്യന്തരമന്ത്രി അമിത്‌ ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരാണ്‌ ട്രസ്‌റ്റംഗങ്ങൾ