നടൻ പൃഥിരാജും ഭാര്യ സുപ്രിയയുമൊക്കെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന താര കുടുംബത്തിന്റെ അവധിക്കാല ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊച്ചിയിൽ താമസിക്കുന്ന പൃഥ്വിരാജും സുപ്രിയയും മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃതയും വാഗമണിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കുന്നുകളിൽ ചെലവഴിച്ച രണ്ട് മനോഹരമായ ദിവസങ്ങൾ എന്ന ക്യാപ്ഷനോടെയാണ് സുപ്രിയ പൃഥ്വിയുടെയും അല്ലിയുടെയും ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
പതിവുപോലെ ഇത്തവണയും കുട്ടിയുടെ മുഖം കാണാത്ത ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ അപൂർവമായി മാത്രമേ പൃഥ്വിരാജും സുപ്രിയയും അലംകൃതയുടെ മുഖം കാണുന്ന ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളു. ഓണവിഭവങ്ങളുടെ ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആടു ജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വി, കൊവിഡ് മൂലം അവിടെ കുടുങ്ങിപ്പോയിരുന്നു. നാട്ടിലെത്തി ക്വാറന്റീൻ കഴിഞ്ഞ ശേഷമാണ് കുടുംബത്തെ കണ്ടത്.