ബംഗളുരു: ലഹരിമരുന്ന് കടത്തിയ കേസിൽ ബംഗളുരുവിൽ പിടിയിലായ അനൂപ് മുഹമ്മദുമായി 2013 മുതൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി. മയക്കുമരുന്ന് സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന യൂത്ത്‌ലീഗ് നേതാവ് പി.കെ.ഫിറോസ് നടത്തിയ ആരോപണം ബിനീഷ് തളളി. തനിക്ക് മാത്രമല്ല അനൂപിനെ അറിയുന്നവർക്കെല്ലാം ഇപ്പോൾ വന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.
ടി ഷർട്ട് ബിസിനസ് അനൂപ് നടത്തിയിരുന്ന സമയത്താണ് താൻ പരിചയപ്പെട്ടതെന്നും പിന്നീട് റെസ്‌റ്റോറെന്റ് ബിസിനസിലേക്ക് ഇയാൾ മാറിയെന്നും താനുൾപ്പടെ പലരും ഇയാളെ പണം നൽകി സഹായിച്ചിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു. ബംഗളുരുവിലെത്തുമ്പോൾ റൂം ബുക്ക് ചെയ്‌ത് തരാറുളളത് അനൂപ് മുഹമ്മദാണ്. ആ അനൂപിനെയാണ് തനിക്ക് പരിചയം. ഹോട്ടലുകൾ തന്റെതല്ലെന്നും മുൻപ് തിരുവനന്തപുരത്ത് പണിയുന്ന കെട്ടിടം തന്റേതെന്ന് പറഞ്ഞിരുന്നവർ പണി കഴിഞ്ഞപ്പോഴാണ് അതൊരു പളളിയാണെന്ന് മനസ്സിലാക്കിയതെന്ന് ബിനീഷ് പറഞ്ഞു.
അനൂപിനെ താൻ പലപ്പോഴും വിളിക്കാറുണ്ട്. സ്വപ്‌ന സുരേഷ് അറസ്‌റ്റിലായ ദിവസം അനൂപിനെ വിളിച്ചോ എന്ന് ഓർമ്മയില്ല. താൻ ആർക്കെതിരെയും മാന നഷ്‌ടക്കേസിന് പോകില്ലെന്നും എല്ലാ ദിവസവും ഇതുപോലെ ആരോപണങ്ങൾ തനിക്കെതിരെ വരാറുണ്ടെന്നും ബിനീഷ് വ്യക്തമാക്കി.