ഓ മൈ ഗോഡ് ഓണം എപ്പിസോഡ് പ്രേക്ഷകർ ഏറ്റെടുത്ത ടി.വി പ്രോഗ്രാമായി മാറി. മകന്റെ തിരോധാനത്തിന് ശേഷം ഇനി ഒരു ഓണവുമില്ലെന്ന് വിധിയെഴുതിയ രാജേന്ദ്രന് സർപ്രൈസ് നൽകിയെത്തിയത് ഓ മൈ ഗോഡ് സംഘമായിരുന്നു. തിരുവനന്തപുരത്ത് അനാടിനടുത്ത വഞ്ചുവം പുത്തൻകരിക്കകം വീട്ടിലാണ് രാജേന്ദ്രൻ എന്ന എൺപത്തിയഞ്ച് വയസ്സുകാരനും ഭാര്യ രാധയും താമസിക്കുന്നത്.

പലരും വലിച്ചെറിയുന്ന കുപ്പികൾ പെറുക്കിയെടുത്താണ് ഇവരുടെ ജീവിതം. വാർദ്ധക്യം മൂലം തൊഴിൽ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കുമ്പോഴും ഒരു മാസത്തെ അദ്ധ്വാനത്തിൽ ഇദ്ദേഹം പൊരുതി നേടുന്നത് 200 രൂപയാണ്. ആരും തുണയില്ലാത്ത വീട്ടിൽ തകരഷീറ്റിലെ മേൽക്കൂരയിലൂടെ മാനം കണ്ടൊരു ജീവിതമാണിവർക്ക്....ഇവരുടെ ജീവിത കഥ കേട്ടറിഞ്ഞാണ് കൗമുദി ചാനലിന്റെ ഓ മൈ ഗോഡ് സംഘം സഹായിക്കാൻ പദ്ധതിയിട്ടത്.ഇക്കുറി പ്രാങ്കിന് പകരം സർപ്രൈസാണ് ഓ മൈ ഗോഡ് ഒരുക്കിയത്.

oh-my-god

രാവിലെ പത്ത് മണിയോടെ പരിചയക്കാരൻ വഴി ഒരു സ്ഥലത്ത് കുറേ വേസ്റ്റ് കുപ്പികൾ കൂട്ടിയിരിക്കുന്നു എന്ന് രാജേന്ദ്രനെ അറിയിച്ചു. വിവരമറിഞ്ഞ് വേസ്റ്റ് പെറുക്കിയെടുക്കാനെത്തിയ രാജേന്ദ്രന് മുന്നിൽ ആക്രി പെറുക്കുന്ന തൊഴിലാളികളുടെ വേഷത്തിൽ ഓ മൈ ഗോഡ് അവതാരകരായ സാബുവും ഫ്രാൻസിസും എത്തി.പിന്നെ കുപ്പി പെറുക്കി കൂട്ടാൻ ഒരേ സമയത്ത് എത്തിയവർ തമ്മിൽ തർക്കമാവുന്നു.

തുടർന്ന് വർത്തമാനം പറഞ്ഞ് രാജേന്ദ്രന്റെ സുഹൃത്തുക്കളായി അവർ മാറുന്നു. വീട്ടിൽ വന്നാൽ കഞ്ഞി തരുമോ എന്ന് ഓ മൈ ഗോഡ് അവതാരകർ ചോദിക്കുന്നു. തുടർന്ന് രാജേന്ദ്രനും ഓ മൈ ഗോഡ് അവതാരകരും വീട്ടിലേയ്ക്ക് എത്തുമ്പോഴാണ് തന്റെ വീടാകെ മാറിയ കാഴ്ച രാജേന്ദ്രൻ കാണുന്നത്. പൂക്കൾ കൊണ്ട് അലങ്കരിച്ച വീട്, അത്തപ്പൂക്കളമിടുന്ന ഓണപ്പുടവയുടുത്ത ഒരു സംഘം സ്ത്രീകൾ, ഒരു ഭാഗത്ത് സദ്യയൊരുക്കുന്ന പാചകക്കാർ...... സർപ്രൈസ് കാഴ്ചകൾ കണ്ട നാട്ടുകാരുടെ കൂട്ടം വീടിന് ചുറ്റും...... ഈ കാഴ്ചകൾ രാജേന്ദ്രനെ ശരിക്കും ഞെട്ടിപ്പിച്ചു.പിന്നെ അവതാരകർ തന്നെ ഓണ പ്രോഗ്രാമിന്റെ സർപ്രൈസാണിത് എന്ന് പറയുന്നു. തുടർന്ന് ഓണക്കോടികൾ നൽകി രാജേന്ദ്രനും ഭാര്യ രാധയും റെഡിയായി എത്തിയപ്പോൾ ഓ മൈ ഗോഡ് സംഘം ഓണസദ്യ വിളമ്പി. മകൻ പടിയിറങ്ങിയ ശേഷമുള്ള ഓണച്ചോറായിരുന്നു ഇരുവർക്കും ഇത്.


പ്രോഗ്രാം ഷൂട്ടിംഗ് അവസാനിക്കുമ്പോൾ പച്ചക്കറികളും പല വ്യജ്ഞനങ്ങളും വീട്ടു ഉപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നൽകിയാണ് സംഘം മടങ്ങിയത്.ദിവസങ്ങൾക്കുള്ളിൽ ഈ വീടിന് മേൽക്കൂര നിർമ്മിച്ചു നൽകാം എന്ന ഉറപ്പും ഇവർ നൽകി.പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഓ മൈ ഗോഡിന്റെ ഇരുന്നൂറ്റിപ്പത്താമത് എപ്പിസോഡാണിത്.