govt-office

ന്യൂഡൽഹി: ജീവനക്കാർക്കിടയിലെ അഴിമതിയും കൈക്കൂലിയും തടയാനുളള കേന്ദ്രസർക്കാരിന്റെ പുതിയ ശ്രമങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. അഴിമതിക്കാർക്കും കൈക്കൂലിക്കാർക്കും നിർബന്ധിത വിരമിക്കൽ നൽകി സർവീസിൽ നിന്ന് മാറ്റിനിറുത്തുമെന്നുളള കേന്ദ്രത്തിന്റെ ഉത്തരവാണ് ജനങ്ങളിൽ ഏറെ പ്രതീക്ഷ ഉളവാക്കുന്നത്. സാധാരണക്കാരന്റെ ഏറെനാളായുളള ആവശ്യമായിരുന്നു ഇത്.

സിവിൽ സർവീസിൽ ഉൾപ്പടെ കളങ്കിത വ്യക്തിത്വങ്ങളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ പരമാവധി ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. കളങ്കിതർക്കും പ്രവർത്തന മികവില്ലാത്തവർക്കും നൽകുന്ന നിർബന്ധിത വിരമിക്കൽ 'ശിക്ഷ' അല്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. വിരമിക്കുന്നവർക്ക് പെൻഷൻ ആനുകൂല്യം ചട്ടപ്രകാരം നല്കും എന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ചുവപ്പുനാട ഇല്ലാതാക്കാനും സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകാനും പുതിയ തീരുമാനം വഴിയൊരുക്കും. നിലവിലെ ചട്ടങ്ങൾ ക്രോഡീകരിച്ചാണ് ഉത്തരവെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

നിശ്ചിത കാലളവിൽ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷമാകും ആർക്കൊക്കെ വിരമിക്കൽ നൽകണമെന്ന് തീരുമാനിക്കുന്നത്. ജനുവരി മുതൽ മാർച്ചുവരെയുളള പ്രവർത്തന മികവായിരിക്കും ആദ്യം വിലയിരുത്തുക. തുടർന്ന് ഏപ്രിൽ മുതൽ ജൂൺവരെയും ജൂലായ് മുതൽ സെപ്തംബർ വരെയും, ഒക്ടോബർ മുതൽ ഡിസംബർവരെയും വിലയിരുത്തൽ നടക്കും. ഇതല്ലെങ്കിൽ ജനുവരി മുതൽ മാർച്ചുവരെയും ഒക്ടോബർ മുതൽ ഡിസംബർവരെയുളള പ്രകടനങ്ങളും വിലയിരുത്തും. അടുത്തവർഷം ഉഴപ്പന്മാർക്കും പിടിവീഴും. എല്ലാവർഷവും ഇത്തരത്തിൽ വിലയിരുത്തലുണ്ടാവും. നിശ്ചിത മാസങ്ങൾക്കിടയിലുളള പ്രവർത്തന മികവായിരിക്കും വിലയിരുത്തുക. ഓരോന്നും സൂക്ഷ്മപരിശോധന നടത്തും.

ഉന്നത ഉദ്യോഗസ്ഥരുൾപ്പടെയുളള ഒരു പാനലായിരിക്കും വിലിയിരുത്തൽ നടത്തുക. അവലോകന സമിതിയുടെ ഘടനയും രൂപീകരണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങളും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഗ്രൂപ്പ് എ ഓഫീസർമാരുടെ കാര്യത്തിൽ ബന്ധപ്പെട്ട സെക്രട്ടറിയായിരിക്കും വിലയിരുത്തൽ സമിതിയുടെ മേധാവി. ബോർഡുകളിലാണെങ്കിൽ നിലവിലെ ബോർഡ് ചെയർമാനായിരിക്കും തലവൻ. ഗ്രൂപ്പ് ബി ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിലയിരുത്തുന്നത് സെക്രട്ടറി അല്ലെങ്കിൽ ജോയിന്റ് സെക്രട്ടറി ലെവലിലുളള ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും.

ഗസറ്റഡ് ഉദ്യോഗസ്ഥരല്ളാത്തവരെ വിലയിരുത്തുന്ന സമിതിയുടെ തലവൻ ജോയിന്റ് സെക്രട്ടറി തലത്തിലുളള ഉദ്യോസ്ഥനായിരിക്കും. എന്നാൽ നിയമനാധികാരി ജോയിന്റ് സെക്രട്ടറിയുടെ റാങ്കിന് താഴെയുളള ആളാണെങ്കിൽ ഡയറക്ടറോ അല്ലെങ്കിൽ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുളള ഒരു ഉദ്യോഗസ്ഥൻ ആയിരിക്കും വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷനാവുക. ഗസറ്റഡ് അല്ലാത്ത ജീവനക്കാരുടെ കാര്യത്തിൽ അവലോകന സമിതിയുടെ ഘടന തീരുമാനിക്കുളള അവകാശം വകുപ്പ് മേധാവിക്കോ ആ സ്ഥാപത്തിന്റെ മേധാവിക്കോ ആയിക്കും. ഇത്തരം വിലയിരുത്തലുകളിൽ ഒരു തരത്തിലുളള സ്വാധീനത്തിനും ഇടയുണ്ടാവില്ല. പല സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം വിലയിരുത്തലുകൾ വർഷങ്ങളായി നടത്തുന്നുണ്ട്. അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിട്ടവർക്ക് ആദ്യം തന്നെ നിർബന്ധിത വിരമിക്കൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം പുറത്തുവന്നത്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്പോൾ വിരമിക്കാൻ ആവശ്യപ്പെടാം എന്ന് മാർഗ നിർദേശത്തിൽ പറയുന്നു. മറ്റുളളവരോട് 55 വയസ് കഴിയുമ്പോഴും വിരമിക്കാൻ ആവശ്യപ്പെടും. 30 വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാം. ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കി നൽകാൻ വകുപ്പുമേധാവികൾക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. ആരോപണവിധേയരുടെ വിവരങ്ങളും ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.