drug-case

ബംഗളുരു: ലഹരി മരുന്ന് കടത്തി ബംഗളുരുവിൽ പിടിയിലായ അനിഘയുടെ ഡയറിയിൽ സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുടെ പേരുകളുമുണ്ടെന്ന് കണ്ടെത്തിയതായി നർകോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. ഇവർക്ക് സ്ഥിരമായി അനിഘയും ഒപ്പം പിടിയിലായ അനൂപ് മുഹമ്മദും റിജേഷും വിദേശത്ത് നിന്നും വരുത്തിയ ലഹരി വസ്‌തുക്കൾ കൈമാറിയിരുന്നതായാണ് വിവരം ലഭിക്കുന്നത്.

എം.ഡി.എം.എ, എൽ.എസ്.ഡി എന്നിവ വിദേശത്ത് നിന്നും ഓൺലൈനിൽ വാങ്ങി ഇവർക്ക് എത്തിച്ചിരുന്നു. കന്നട സിനിമാ ലോകത്തെ സംഗീത സംവിധായകരും, അഭിനേതാക്കളും, നിർമ്മാതാക്കളുമെല്ലാം ഡയറിയിലെ പേരുകാരിൽ ഉണ്ട്. അഞ്ച് വർഷത്തോളമായി സിനിമ മേഖലയുമായി നല്ല ബന്ധം അനിഘക്കുണ്ടെന്ന് എൻ.സി.ബിക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഇവരിൽ നിന്ന് എൻ.സി.ബി വിവരങ്ങൾ തേടും.

സിനിമാ താരങ്ങൾക്ക് പുറമേ ബാറുകൾ,കോളേജുകൾ,പബ്ബുകൾ എന്നിവിടങ്ങളിലും ഇവർ ലഹരിമരുന്നുകൾ വിതരണം ചെയ്‌തിരുന്നു.ഓൺലൈനിൽ ബി‌റ്റ്‌കൊയിൻ ഇടപാടിലൂടെയാണ് ലഹരി മരുന്നുകൾ വാങ്ങാറ്. അതേസമയം സിനിമ മേഖലയിലെ ലഹരിബന്ധത്തെ കുറിച്ച് ബംഗളുരുവിലെ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗത്തിന് മാദ്ധ്യമ പ്രവർത്തകനും സംവിധായകനും അന്തരിച്ച മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനുമായ ഇന്ദ്രജിത്ത് ലങ്കേഷ് മൊഴിനൽകി. 5 മണിക്കൂർ നീണ്ട മൊഴി നൽകലിൽ തനിക്ക് അറിവുള‌ള കാര്യമെല്ലാം പറഞ്ഞുകഴിഞ്ഞതായി ഇന്ദ്രജിത്ത് അറിയിച്ചു.