തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ തനിക്കെതിരെ ഉയരുന്ന ആരോപണം നിഷേധിച്ച് കോൺഗ്രസ് വാർഡ് മെമ്പർ ഗോപൻ. വാർഡ് മെമ്പർ എന്ന നിലയിൽ തന്നെ പലരും പല ആവശ്യങ്ങൾക്കുമായി ബന്ധപ്പെടാറുണ്ടെന്നും,സനലും, ഉണ്ണിയും അങ്ങനെ ബന്ധപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഗോപൻ വ്യക്തമാക്കി.
ഡി.വൈ.എസ്.പി ഓഫിസിൽ നിന്ന് തന്നെ ആരും മൊഴിയെടുക്കണമെന്ന് പറഞ്ഞ് വിളിച്ചിട്ടില്ലെന്നും, കാണണം സംസാരിക്കണം എന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും ഗോപൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. താൻ ഒളിവിലല്ലെന്നും മാതാവ് ആശുപത്രിയിലായതിനാലാണ് ഫോൺ ഓഫ് ആയിരുന്നതെന്നും അയാൾ വ്യക്തമാക്കി.
മാണിക്കൽ പഞ്ചായത്തിലെ തലയിൽ വാർഡംഗം ഗോപനെ പൊലീസ് തിരയുന്നതായും, ഇയാൾ ഒളിവിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇയാൾക്ക് കൊലയാളികളുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നതായി സൂചനയുണ്ട്.ഇയാളുടെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. കൊലയാളികളുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തെളിവുകൾ ലഭിച്ചോ എന്ന് വ്യക്തമല്ല.