kaumudy-news-headlines

1. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിന്റെ പേരില്‍ അടൂര്‍ പ്രകാശിനെ കുറ്റവാളി ആക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂര്‍ പ്രകാശിനെ കുറ്റവാളി ആക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോണ്‍ഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. അടൂര്‍ പ്രകാശിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആണ് നീക്കം നടക്കുന്നത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിന് എതിരെ ആരോപണം ഉന്നയിക്കാന്‍ എന്ത് തെളിവാണ് കടകംപ്പള്ളി സുരേന്ദ്രനും ഇ.പി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.


2. പല്ലിന് പല്ല്, കണ്ണിന് കണ്ണ് എന്ന നയമല്ല കോണ്‍ഗ്രസിന് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും രക്ഷസാക്ഷികളെ ഉണ്ടാക്കാനുള്ള സി.പി.എം ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസ സമരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതുവരെ 142 കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു എന്നും മുല്ലപ്പള്ളി പറഞ്ഞു
3. അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. രജൗരിയില്‍ പാക് വെടിവയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. പുലര്‍ച്ചയോടെ ആണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ രജൗരി ജില്ലയിലെ കേരി സെക്ടറിലാണ് വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയില്‍ പാക് പ്രകോപനം ഉണ്ടാകുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തില്‍ നൗഷേര സെക്ടറില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ പഞ്ചായത്ത് തലത്തില്‍ നീക്കങ്ങള്‍ സജീവം ആക്കി ജോസ് വിഭാഗം. ജോസഫിനൊപ്പം മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരിക എന്ന തന്ത്രവും ജോസ് വിഭാഗം പയറ്റുകയാണ്. രണ്ടിലയില്‍ മത്സരിച്ച് ജയിച്ച് പി ജെ ജോസഫിനൊപ്പം പോയ പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം തിരികെ മടങ്ങണമെന്ന് ജോസ് കെ മാണി പറയുന്നു. നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.
5. ചിഹ്നം മരവിക്കപ്പെടും എന്ന് കണക്കു കൂട്ടിയ ജോസഫ് വിഭാഗം തിരിച്ചടിയെ മറികടക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡല്‍ഹി ഹൈക്കോടതിയില്‍ തടസ്സവാദം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. കമ്മീഷന്‍ കണ്ടെത്തലില്‍ മൂന്ന് പേരില്‍ ഒരാള്‍ വിയോജിപ്പ് അറിയിച്ചു എന്ന വാദമാകും ഉന്നയിക്കുക. കട്ടപ്പന മജിസ്‌ട്രേറ്റ് കോടതി അടക്കമുള്ള കോടതികളില്‍ മുമ്പ് അനുകൂല വിധി ഉണ്ടായതും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടും. ജോസ് കെ മാണി വിഭാഗം വിപ് ലംഘന പരാതി ഉയര്‍ത്തിയാല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയിട്ടുള്ള രേഖകള്‍ വച്ചു ഖണ്ഡിക്കാന്‍ ആകും എന്ന വിശ്വാസത്തില്‍ ആണ് ജോസഫ് വിഭാഗം.
6. ബിനീഷ് കൊടിയേരിക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബംഗളൂരുവില്‍ ലഹരി സംഘങ്ങളുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം. സ്വര്‍ണ്ണ കടത്തു കേസ് പ്രതിയായ മുഹമ്മദ് അനൂബിന് വേണ്ടി പണം മുടക്കുന്നത് ബിനീഷ്. അനൂബിന്റെ മൊഴി യൂത്ത് ലീഗ് പുറത്തു വിട്ടു. കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്കും ലഹരി മാഫിയയുമായി ബന്ധമുണ്ട്. സ്വപ്ന സുരേഷ് പിടിയിലായ ജൂലായ് 10ന് അനൂബിന് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കണം എന്നും പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
7. ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയ യുപി ഡോക്ടര്‍ കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അലീഗഡ് സര്‍വകലാശാലയില്‍ പ്രസംഗിച്ചതിനെ തുടര്‍ന്ന് യു.പി പൊലീസ് അറസ്റ്റ് ചെയ്ത കഫീല്‍ ഖാനെ ഇന്നലെ അര്‍ധ രാത്രിയോടെ ആണ് മഥുര ജയിലില്‍ നിന്നും മോചിപ്പിച്ചത്. കഫീല്‍ ഖാനെ ഉടന്‍ തന്നെ ജയില്‍ നിന്നും പുറത്തു വിടണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അദ്ദേഹത്തിന്റെ മാതാവ് നുസ്രത് പര്‍വീണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
8. കഫീല്‍ ഖാനെ തടവില്‍ വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായിട്ടില്ലെന്നും കോടതി വിലയിരുത്തി. കോടതി ഉത്തരവ് വന്നു കഴിഞ്ഞും മണിക്കൂറുകള്‍ക്കു ശേഷമാണ് കഫീല്‍ ഖാനെ ജയില്‍ നിന്നും മോചിപ്പിച്ചത്. തന്റെ മകന്‍ നല്ല വ്യക്തിയാണെന്നും അവന്‍ ഒരിക്കലും രാജ്യത്തിനോ സമൂഹത്തിനോ എതിരായി ഒന്നും പ്രവര്‍ത്തിക്കില്ലെന്നും കോടതി വിധിക്കു ശേഷം കഫീല്‍ ഖാന്റെ അമ്മ പ്രതികരിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് 2019 ഡിസംബറില്‍ നടത്തിയ പ്രസംഗമാണ് അദ്ദേഹത്തിന്റെ അറസ്റ്റിനു കാരണമായത്.
9. എതിര്‍പ്പുകള്‍ മുഖവിലയ്ക്ക് എടുക്കാതെ സര്‍ക്കാരുകളെ മുള്‍മുനയില്‍ നിറുത്തി പല കോടതി വിധികളും നടപ്പാക്കി ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് സുപ്രീം കോടതിയുടെ പടിയിറങ്ങും. 2014 ജൂലായ് 7ന് സുപ്രീംകോടതി ജഡ്ജിയായ അരുണ്‍ മിശ്ര ആറ് കൊല്ലത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. കടുംപിടുത്ത കാരനായ ജഡ്ജി എന്നാണ് അഭിഭാഷകര്‍ അദ്ദേഹത്തെ വിളിച്ചത്. പലരും അദ്ദേഹത്തിന്റെ ബെഞ്ചില്‍ വാദിക്കാന്‍ മടിച്ചു. വാക്കുകള്‍ കൊണ്ട് സര്‍ക്കാരിനെയും അഭിഭാഷകരെയും വിറപ്പിച്ചു. സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതിയില്‍ എത്തിയത് മുതലാണ് വിവാദങ്ങള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയെ പിന്തുടരുന്നത്.