ന്യൂഡൽഹി: ഐ പി എല്ലിനായി യു എ ഇയിലെത്തിയശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്നയെ കുറിച്ചാണ് ഇപ്പോൾ ചർച്ച. എന്നാൽ താരംതന്നെ ഇതുസംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഐ പി എൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തികച്ചും വ്യക്തിപരമായിരുന്നെന്ന് റെയ്ന വ്യക്തമാക്കി.
കുടുംബത്തിനു വേണ്ടിയാണ് താൻ തിരികെ പോന്നതെന്നും തന്റെ കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നതായും റെയ്ന പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്സും എന്റെ കുടുംബം തന്നെയാണ്. മഹി ഭായി (മഹേന്ദ്രസിംഗ് ധോണി) എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ആളാണ്. അതുകൊണ്ടുതന്നെ സീസൺ ഉപേക്ഷിച്ച് മടങ്ങുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു’ – സുരേഷ് റെയ്ന കൂട്ടിച്ചേർത്തു.
ചെന്നൈ സൂപ്പർ കിംഗ്സും ഞാനുമായി പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും താരം പറഞ്ഞു. 12.5 കോടി രൂപ കിട്ടുന്ന അവസരം തക്കതായ കാരണം കൂടാതെ ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ?ഞാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു എന്നത് സത്യമാണ്. പക്ഷേ, ഞാൻ ഇപ്പോഴും ചെറുപ്പമാണെന്ന് മറക്കരുത്. ഇനിയും നാലോ അഞ്ചോ വർഷം ഐ പി എല്ലിൽ കളിക്കാനാകുമെന്നാണ് കരുതുന്നത്’ – താരം വിശദീകരിച്ചു.
ഇവിടെ ക്വാറന്റീനില്‍ കഴിയുമ്പോളും ഞാന്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാംപില്‍ തന്നെ കാണാനുള്ള സാദ്ധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നും റെയ്‌ന വ്യക്തമാക്കി.