uber-taxi

ന്യൂഡൽഹി: പടർന്നു പിടിച്ച കൊവിഡ് ഭീതി മറികടക്കാൻ സുരക്ഷ മുൻകരുതലുമായി ഓൺലൈൻ ടാ‌ക്‌സി സർവീസ് ഭീമനായ ഊബർ. ഓട്ടം വിളിച്ചയാളുകൾ മാസ്‌ക് ധരിച്ച സെൽഫി ഊബർ ടാക്‌സിയിലിരുന്ന് ട്രിപ് തുടങ്ങും മുൻപ് കമ്പനിക്ക് അയച്ച് കൊടുക്കണം. മുൻപ് ഡ്രൈവർമാർക്കും ഈ നിർദേശം ഊബർ നൽകിയിരുന്നു. മാസ്‌ക് ധരിച്ച ചിത്രം കാർ ഡ്രൈവർ ഊബറിന് അയച്ച് കൊടുക്കുന്നതായിരുന്നു അത്.

കൊവിഡ് ലോക്ഡൗൺ വ്യവസ്ഥകൾ ലളിതമാക്കിയതോടെ സർവീസ് ആരംഭിച്ചപ്പോൾ ഡ്രൈവർമാർക്കും യാത്രക്കാർക്കും വ്യക്തവും ശക്തവുമായ നിർദ്ദേശം നൽകിയിട്ടുണ്ട് കമ്പനി. മേയ് മാസത്തിൽ 'നോ മാസ്‌ക് നോ റൈഡ്' നയം ഊബർ പ്രഖ്യാപിച്ചിരുന്നു. ഈ നയ പ്രകാരം ഡ്രൈവർ മാസ്‌ക് ധരിച്ച സെൽഫി പോസ്‌റ്റ് ചെയ്യണം. എന്നാൽ യാത്രക്കാർക്ക് ഇത് നിർബന്ധമാക്കിയിട്ടില്ല.

നിലവിൽ യാത്രക്കാരൻ മാസ്‌ക് ധരിക്കണം എന്ന് യൂബർ നിർബന്ധിക്കുന്നില്ല.എന്നാൽ യാത്രികൻ മാസ്‌ക് ധരിക്കുന്നില്ലെന്ന് ഡ്രൈവർ അറിയിച്ചാൽ യാത്രക്കാരനോട് മാസ്‌ക് ധരിച്ച് സെൽഫി അയച്ചുതരാൻ കമ്പനി ആവശ്യപ്പെടും. ഈ നയപ്രകാരം ഡ്രൈവർക്കോ യാത്രികർക്കോ യാത്ര റദ്ദാക്കാം. അതിന് പ്രത്യേക പണം നൽകേണ്ടതില്ല.

യാത്രക്കാർ അയച്ച് തരുന്ന ചിത്രം സൂക്ഷിച്ച് വയ്‌ക്കില്ലെന്നും 96 മണിക്കൂറിന് ശേഷം പൂർണമായി നശിപ്പിച്ചു കളയുമെന്ന് കമ്പനി അറിയിച്ചു. കാനഡയിലും അമേരിക്കയിലും ഈ മാസം അവസാനം തന്നെ ഈ സംവിധാനം നിലവിൽ വരും. വരും മാസങ്ങളിൽ ഇന്ത്യ ഉൾപ്പടെ മ‌‌റ്റ് രാജ്യങ്ങളിൽ ഈ സംവിധാനം ഏർപ്പെടുത്തും. ഇന്ത്യയിൽ കമ്പനിക്ക് വേണ്ടി തൊഴിൽ നോക്കുന്ന ഡ്രൈവർമാർക്ക് ഊബർ 5 കോടി ഡോളർ മുടക്കി മുപ്പത് ലക്ഷം ഫേസ്‌മാസ്‌കുകളും 12 ലക്ഷം ഷവർ ക്യാപുകളും 2 ലക്ഷം അണുനാശിനിയും 2 ലക്ഷം സാനി‌‌റ്റൈസറും വാങ്ങി നൽകിയിരുന്നു.