tsunami

ലാലും ലാൽ ജൂനിയറും ചേർന്നൊരുക്കുന്ന 'സുനാമി' എന്ന ചിത്രത്തിലെ 'സമാഗരിസ' എന്ന പാട്ട് പുറത്തിറങ്ങി. ഇന്നസെന്റും സംഘവും ആലപിച്ച ഗാനം ഇതിനോടകം തന്നെ സിനിമാ പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു. മോഹൻലാലും, മമ്മൂട്ടിയുമുൾപ്പെടെ ഇരുപതോളം താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.

ഫാമിലി എന്റർടൈനറായ ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് നിർവഹിച്ചിരിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ലാൽ തന്നെയാണ്. ഗാനത്തിന്റെ വരികളും ലാൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. കൊറിയോഗ്രാഫി:അനഘ, ഋഷ്ദാൻ .അനൂപ് വേണുഗോപാലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തൃശൂർ, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.