തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റ് വിഷയത്തിൽ കീഴ്ഘടകങ്ങൾക്ക് ആഹ്വാനവുമായി സി പി എം. ഫേസ്ബുക്കിൽ ആസൂത്രിതമായി നീങ്ങണമെന്നാണ് സന്ദേശം. കമന്റുകൾ പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും സന്ദേശത്തിൽ പറയുന്നു. ഇതുസംബന്ധിച്ച കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്. ബ്രാഞ്ച് തലം വരെയുള്ള നേതാക്കൾക്കാണ് സന്ദേശം.
പി എസ് സി വിഷയത്തിൽ ഫേസ്ബുക്കിൽ പ്രചാരണം ശക്തമാക്കണമെന്നാണ് നിർദേശം. ആസൂത്രിതമായി നീങ്ങണമെന്നും ഒരു ലോക്കൽ കമ്മിറ്റിയിൽ നിന്ന് 300 പേരെങ്കിലും കമന്റിടണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ഒരാൾ തന്നെ നിരവധി കമന്റ് ഇടുന്നതിൽ കാര്യമില്ല. പല ആളുകൾ കമന്റിടണമെന്നും വ്യക്തമാക്കുന്നു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി എം വി ജയരാജൻ രംഗത്തെത്തി. ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നുണ്ടെന്നും പൊതുജനങ്ങളെ വസ്തുത ബോദ്ധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ പ്രചരണമെന്നും അദ്ദേഹം വ്യക്തമാക്കി.