തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിന് സമീപം സാൽവേഷൻ ആർമി മന്ദിരത്തിന് എതിർവശത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിട്ടിയുടെ ചരിത്രമുറങ്ങുന്ന കിണറും ടണലും സംരക്ഷിക്കാനും പരിപാലിക്കാനും ആളില്ലാത്തതിനാൽ നാശത്തിന്റെ വക്കിൽ. 75 വർഷമായി തിരുവനന്തപുരത്ത് വെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈൻ കടന്നുപോകുന്ന ടണലാണ് അധികൃതരുടെ അനാസ്ഥ കാരണം നാശത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുന്നത്. കാടുംപടർപ്പും വളർന്ന് അവിടേക്ക് കടക്കാനാകാത്ത നിലയാണിപ്പോൾ. ചുറ്റുമതിൽ കെട്ടി, അതിക്രമിച്ചു കയറുന്നത് ശിക്ഷാർഹമാണെന്ന ബോർഡ് സ്ഥാപിച്ചു എന്നതൊഴിച്ചാൽ വാട്ടർ അതോറിട്ടി മറ്റ് സംരക്ഷണ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
2009 ഫെബ്രുവരി 5 മുതൽ 21വരെ വില്ലിംഗ്ടൺ വാട്ടർ വർക്സിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലത്തുള്ള ടണൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. പെയിന്റ് ചെയ്ത് ലൈറ്റുകൾ സ്ഥാപിച്ച ടണലിലൂടെ കുട്ടികളും സ്ത്രീകളുമടക്കം ആയിരക്കണക്കിന് പേർ കടന്നുപോയിരുന്നു. എന്നാൽ, അതിനുശേഷം ഇതിനെ സംരക്ഷിക്കാൻ കാര്യമായ നടപടികളൊന്നുമില്ല.
അൽപം ചരിത്രം
1928നും 1933നും ഇടയിൽ നിർമ്മിച്ചതാണ് ഈ ടണൽ. 1931ഒക്ടോബർ 4ന് ടണലിന്റെ നിർമ്മാണച്ചുമതലയുള്ള ഓഫീസറെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ഒക്ടോബർ 15ന് വൈകുന്നേരം ചിത്തിര തിരുനാൾ മഹാരാജാവ് കവടിയാർ കൊട്ടാരത്തിൽ നിന്ന് ഡർബാർ ഹാളിലേയ്ക്ക് രാജകീയ സവാരി നടത്തുമെന്നും അതിനുമുമ്പ് പണി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നുമായിരുന്നു കൽപന. അന്ന് സാൽവേഷൻ ആർമി ഭാഗത്തുള്ള ടണലിന്റെ നിർമ്മാണം പാതിവഴിയിലായിരുന്നു.
അരുവിക്കരയിൽ നിന്നുവന്ന് കവടിയാറിൽ ഗോൾഫ് ലിങ്ക്‌സ് റോഡ് തുടങ്ങുന്ന ഭാഗത്ത് നിന്ന് റോഡിനടിയിലൂടെ സാൽവേഷൻ ആർമിക്ക് മുന്നിലൂടെ ദേവസ്വം ബോർഡ് വഴിയാണ് പൈപ്പ് വാട്ടർ വർക്‌സ് കാമ്പസിൽ എത്തുന്നത്. ഈ പണിയ്ക്കായി അവിടെ മുഴുവൻ കുഴിച്ചിട്ടിരിക്കുകയായിരുന്നു. കൊട്ടാരം കാര്യക്കാർക്ക് പുറമെ പിറ്റേദിവസം ദിവാനും ചീഫ് എൻജിനീയറും ഡിവിഷൻ ഓഫീസറെ (എക്സിക്യൂട്ടീവ് എൻജിനീയർ) ഭക്തി വിലാസം ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി 10 ദിവസംകൊണ്ട് ടണൽ പണി പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. ഉടൻതന്നെ ഡിവിഷൻ ഓഫീസർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. പണി പൂർത്തിയാക്കാൻ 20,000 ഇഷ്ടിക അടിയന്തരമായി വേണമെന്നവർ അറിയിച്ചു. കൊല്ലത്തുള്ള തോമസ് സ്റ്റീഫൻ ആന്റ് കമ്പനിയും ഹാരിസൺ ആന്റ് ക്രോസ്‌ഫീൽഡ് കമ്പനിയുമാണ് ആവശ്യമായ ഇഷ്ടിക നൽകിയത്. ചാക്കയിലെ ഇവരുടെ ഗോഡൗണിൽ കനാൽ മാർഗമാണ് ഇഷ്ടിക എത്തിച്ചേരുന്നത്. കനാലിൽ വെള്ളം തീരെ കുറവായിരുന്നതിനാൽ ജലഗതാഗതം സാദ്ധ്യമായിരുന്നില്ല. അതിനാൽ തന്നെ ഗോഡൗണിൽ ഇഷ്ടികയൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് റെയിൽവേയുമായി ബന്ധപ്പെട്ട് ട്രെയിനിലാണ് ഇഷ്ടികകൾ എത്തിച്ചത്. പൈപ്പ്‌ലൈൻ പണികൾക്കായുള്ള റോഡ് റോളറുകൾ മുഴുവൻ കവടിയാറിൽ വരുത്തി. ഇതോടൊപ്പം അവിടെ ജോലി ചെയ്തിരുന്ന മുഴുവൻ തൊഴിലാളികളേയും ഇവിടെ എത്തിച്ചു. അങ്ങനെ 200 തൊഴിലാളികൾ രാപ്പകലില്ലാതെ പണിയെടുത്താണ് 11 മീറ്റർ താഴ്ചയിൽ ഇവിടെ പൈപ്പ് സ്ഥാപിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയത്. ഒക്ടോബർ14ന് രാത്രി പണി പൂർത്തിയാക്കി. 15ന് രാവിലെ കാര്യക്കാരും മറ്റും പരിശോധന നടത്തി തൃപ്തി രേഖപ്പെടുത്തി. വൈകിട്ട് രാജകീയ രഥത്തിൽ മഹാരാജാവ് അതുവഴി ഡർബാർ ഹാളിലേയ്ക്ക് എഴുന്നള്ളുകയും ചെയ്തു.