സിഡ്നി: ആസ്ട്രേലിയൻ വംശജയായ മാദ്ധ്യമപ്രവർത്തകയെ ചൈന തടവിലാക്കിയെന്ന് ആരോപണം. കഴിഞ്ഞ ദിവസമാണ് ചൈനീസ് ടെലിവിഷൻ ചാനലിലെ അവതാരകയും റിപ്പോർട്ടറുമായ ചെങ് ലീയെ ചൈന തടവിലാക്കിയതായി ആസ്ട്രേലിയൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടർന്നായിരുന്നു ഇത്. കഴിഞ്ഞ എട്ടുവർഷമായി ചൈനയുടെ ദേശീയ ചാനലായ സി.ജി.ടി.എന്നിൽ അവതാരകയായും റിപ്പോർട്ടറായും ജോലി നോക്കുകയായിരുന്നു ചെങ് ലീ. ഇവർക്കെതിരെ കുറ്റങ്ങൾ ഒന്നും ഇതുവരെ ചുമത്തിയിട്ടില്ലെന്നും വീട്ടുതടങ്കലിലാണെന്നുമാണ് ബന്ധുക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ആസ്ട്രേലിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ചെങ്ങ് ലീയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. നിലവിൽ ചെങ് ലീയുടെ അവസ്ഥ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ പുറത്തുവിട്ടിട്ടില്ല. വീട്ടുതടങ്കലിലാക്കിയ കുറ്റാരോപിതരെ ഉദ്യോഗസ്ഥർക്ക് ആറു മാസത്തോളം പുറത്തുവിടാതെ ചോദ്യം ചെയ്യാൻ കഴിയും. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ പൗരനായ യാംഗ് ഹെംഗ് ചുന്നിനെ സമാനമായ രീതിയിൽ തടവിലാക്കിയിരുന്നു. ചൈനീസ് സർക്കാർ ഉദ്യോഗസ്ഥനായിരുന്നു യാംഗ്. ആ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം വഷളാക്കിയിരുന്നു. ഇത് പരിഹരിക്കും മുമ്പാണ് ചൈന വീണ്ടും പ്രകോപനപരമായ നീക്കങ്ങളുമായി എത്തിയിരിക്കുന്നത്. എന്നാൽ, ചെങ്ലീയെ തടവിലാക്കിയെന്ന വാർത്ത ചൈനീസ് സർക്കാർ നിഷേധിച്ചു.