knife-with-blood

തിരുവനന്തപുരം: വീട്ടിൽ കയറി മാതാവിനെ ആക്രമിച്ച വെട്ടുകേസിലെ പ്രതിയെ യുവാവും സംഘവും ചേർന്ന് മർദ്ദിച്ചവശനാക്കിയശേഷം വലതുകൈയിലെ വിരലുകൾ വെട്ടിമാറ്റി. നെടുമങ്ങാടിന് സമീപത്തായിരുന്നു സംഭവം. മൊട്ടക്കാവ് സ്വദേശി മുനീർ എന്ന ഇരുപത്താറുകാരനാണ് മൂന്നുവിരലുകൾ നഷ്ടമായത്. മുഹമ്മദ് ഷാൻ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇയാളെ ആക്രമിച്ചത്.

മുഹമ്മദ് ഷാനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് മുനീർ ജയിലിലായത്. റിമാൻഡിലായ മുനീർ അടുത്തിടെ ജാമ്യത്തിലറങ്ങിയിരുന്നു. തന്നെ ജയിലിലാക്കിയതിന്റെ വൈരാഗ്യം തീർക്കാൻ എത്തിയ മുനീർ ഷാനിന്റെ വീട്ടിൽ കയറി മാതാവിനെ ആക്രമിക്കുകയായിരുന്നു. ഈ സമയം ഷാൻ വീട്ടിലുണ്ടായിരുന്നില്ല. നിലവിളികേട്ട് മുകൾ നിലയിൽ ഉറങ്ങുകയായിരുന്ന ഷാനിന്റെ ജ്യേഷ്ഠൻ എത്തിയപ്പോഴേക്കും വീട്ടുപകരണങ്ങൾ തകർത്ത് മുനീർ സ്ഥലംവിട്ടു.

അമ്മയെ ആക്രമിച്ച വിവരം അറിഞ്ഞ ഷാൻ എട്ടുപേരെയും കൂട്ടി മുനീർ വാടകയ്ക്ക് താമസിക്കുന്ന മുറിയിലെത്തി വാതിൽവെട്ടിപ്പൊളിച്ച് അകത്തുകയറി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒരുവർഷം മുമ്പാണ് മുനീർ ചുളളിമാനൂരിന് സമീപത്തെ കോഴിക്കടയിൽ കയറി ഉടമയായ ഷാനിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.