ന്യൂഡൽഹി : നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട്, നടി റിയ ചക്രവർത്തിയ്ക്കെതിരെ നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ പേർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട ഒന്നിലധികം വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു റിയ എന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ദേശീയതല സ്നൂക്കർ, ബില്യാർഡ്സ് താരവും മുംബയ് ജുഹു സ്വദേശിയുമായ റിഷഭ് താക്കൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.
ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ നിന്നും വ്യത്യസ്ഥമായതാണ് ഇപ്പോൾ കണ്ടെടുത്തിരിക്കുന്ന ഈ ചാറ്റ്. ഉദയ്പൂരിലേക്കുള്ള ഒരു കല്യാണച്ചടങ്ങിന് പോകുന്നതിന് മുന്നോടിയായാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. റിയ, റിഷഭ് താക്കൂർ, കുനാൽ ജാനി തുടങ്ങിയവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. മുംബയ് ബാന്ദ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ഉടമയാണ് കുനാൽ ജാനി. നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുമായി ചേർന്ന് നടത്തുന്ന ഹോട്ടലിന്റെ ഡയറക്ടർ ആണിയാൾ. കഞ്ചാവിന്റെ ഉപയോഗം, കഞ്ചാവ് സിഗരറ്റായ ഡൂബീസിന്റെ വില്പന എന്നിവയെ സംബന്ധിച്ച് ഈ ഗ്രൂപ്പിൽ ചാറ്റ് നടന്നിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കുനാൽ ജാനിയെ തിങ്കളാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. താക്കൂറിനെ ഇന്നലെ എട്ട് മണിക്കൂർ ആണ് ചോദ്യം ചെയ്തത്.
പാർട്ടികളിലും മറ്റും താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും എന്നാൽ അതിന്റെ ഒരുതരത്തിലുള്ള വില്പന നടത്തിയിട്ടില്ലെന്നും ജാനി ഇ.ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു. റിയയെ സുഹൃത്തെന്ന രീതിയിൽ മാത്രമാണ് പരിചയമെന്നും ജാനി പറഞ്ഞു. താക്കൂറും സമാന മൊഴി തന്നെയാണ് ഇ.ഡിയ്ക്ക് മുമ്പാകെ അറിയിച്ചത്. സുഹൃത്തുക്കൾ വഴി പരിചയപ്പെട്ട റിയയെ വ്യക്തിപരമായി അറിയാമെന്നും എന്നാൽ ഒരിക്കലും റിയയ്ക്ക് മയക്കുമരുന്ന് കൈമാറിയിട്ടില്ലെന്നും താക്കൂർ പറയുന്നു. ഉദയ്പൂരിലെ കല്യാണച്ചടങ്ങിൽ റിയ പങ്കെടുത്തില്ലെന്നും താക്കൂർ വ്യക്തമാക്കി.
റിയയുടെ ഫോണിൽ നിന്നും കണ്ടെടുത്ത മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് സുശാന്ത്, സാമുവൽ മിറാൻഡ, ശ്രുതി മോദി, റിയ, ഷോവിക് തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു.
താക്കൂറിന്റെ പേഴ്സണൽ ചാറ്റുകൾ നിരീക്ഷിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ താക്കൂറിനെ വീണ്ടും ചോദ്യം ചെയ്യും. പല പ്രമുഖ സ്നൂക്കർ - ബില്യാർഡ് താരങ്ങളുമായി താക്കൂറിന് അടുപ്പമുണ്ട്. താക്കൂറിന്റെ അടുത്ത സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. താൻ മയക്കുമരുന്ന് വില്പന നടത്തിയിട്ടില്ലെന്നാണ് താക്കൂർ പറയുന്നതെങ്കിലും മയക്കുമരുന്ന് കൈമാറ്റത്തെയും അതിന്റെ തുകയേയും സംബന്ധിച്ച ചാറ്റ് താക്കൂറിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. താക്കൂറിന്റെ ബാങ്ക് അക്കൗണ്ടിലെയും മറ്റും ഇടപാടുകൾ ഇ.ഡി പരിശോധിച്ച് വരികയാണ്.
റിയയുടെ ഫോണിൽ നിന്നും കണ്ടെടുത്ത ചാറ്റുമായി ബന്ധപ്പെട്ട് മറ്റൊരു ഹോട്ടൽ ബിസിനസുകാരനായ ഗൗരവ് ആര്യയെ ഇ.ഡി രണ്ട് തവണ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. തന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ എല്ലാം കഴിഞ്ഞ ദിവസം ഇയാൾ ഇ.ഡിയ്ക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. റിയയ്ക്കെന്നല്ല ആരുമായും താൻ മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടില്ലെന്നാണ് ആര്യം പറയുന്നത്. ചാറ്റുകളുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്യും.