മുംബയ്: സുശാന്ത് സിംഗ് രാജ്‌പുതിന്റെ ആത്മഹത്യയോടെ ബോളിവുഡിലെ സ്വജനക്ഷപാതത്തെ കുറിച്ചും താരങ്ങളുടെ മക്കളല്ലാത്തവർ നേരിടുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ചും വിവിധ ചർച്ചകൾ നടന്നു. നിരവധി താരങ്ങൾ ഇതിനെതിരെ പ്രതികരിച്ചു. എന്നാൽ ഈ വിഷയത്തിൽ നിരന്തരം പ്രതികരണം നടത്തുന്ന താരം കങ്കണ റണാവത്താണ്. ബോളിവുഡ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ കരൺ ജോഹാറിനെതിരെയാണ് ഇത്തവണ കങ്കണയുടെ ആരോപണം.
ബോളിവുഡ് ചലച്ചിത്രലോക മാഫിയയിലെ 'മുഖ്യ കുറ്റവാളി' കരൺ ജോഹാറാണെന്നാണ് കങ്കണയുടെ ആരോപണം. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്‌താണ് കങ്കണ ആരോപണം ഉന്നയിക്കുന്നത്. 'സിനിമാ മാഫിയയിലെ മുഖ്യ കുറ്റവാളി കരൺ ജോഹാർ. നിരവധി പേരുടെ ജീവിതവും കരിയറും നശിപ്പിച്ച ശേഷവും ഇയാൾക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ല. ഞങ്ങൾക്ക് എന്തെങ്കിലും പ്രത്യാശയ്‌ക്ക് വകയുണ്ടോ എന്നാണ് കങ്കണ ചോദിക്കുന്നത്. ഇയാളുടെ ആളുകൾ തന്നെ തേടി വരുമെന്നും ട്വിറ്ററിൽ കുറിച്ചിരിക്കുന്ന പോസ്‌റ്റിൽ കങ്കണ പറയുന്നു.
'ഡ്രൈവ്' എന്ന ചിത്രത്തിലൂടെ ജോഹാർ സുശാന്തിന് മറ്റ് അവസരങ്ങൾ വരുന്നത് തടഞ്ഞു എന്ന സുശാന്ത് സിംഗ് പുരോഹിതിന്റെ ജിമ്മിലെ സുഹൃത്ത് നടത്തിയ അഭിപ്രായ പ്രകടനത്തിന് മറുപടിയായാണ് കങ്കണയുടെ പ്രതികരണം. ബോളിവുഡിൽ നടക്കുന്ന പാർട്ടികളിൽ ലഹരിമരുന്നുകളുടെ കുത്തൊഴുക്കാണെന്നും നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ബോളിവുഡിലെത്തിയാൽ മിക്ക ഒന്നാം നമ്പർ താരങ്ങളും അഴിക്കുളളിലാകുമെന്നും രക്ത പരിശോധന നടത്തിയാൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളുണ്ടാകുമെന്നും അങ്ങനെ സ്വച്ഛ് ഭാരത് മിഷൻ വഴി ബോളിവുഡിനെ മാലിന്യമുക്തമാക്കാമെന്ന് മുൻപ് കങ്കണ ട്വീറ്റ് ചെയ്‌തിരുന്നു.