covid

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിരോധ മാർഗങ്ങൾ പലതും ആവിഷ്കരിച്ചിട്ടും ഇതുവരെ വ്യാപന നിരക്ക് കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും തലസ്ഥാനത്ത് സജീവമായി 13 ക്ളസ്റ്ററുകളുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ലസ്റ്ററുകളും തലസ്ഥാന ജില്ലയിലാണ്. അതേസമയം അഞ്ചുതെങ്ങ്, പാറശാല ക്ളസ്റ്ററുകളിൽ രോഗവ്യാപനത്തിന്റെ തീവ്രത കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനകളിലുണ്ടായ കുറവ് രോഗികളുടെ എണ്ണം കുറയാനിടയാക്കി. സാധാരണ 500നടുത്ത് രോഗികളുണ്ടാകാറുള്ള ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 448 രോഗികൾ മാത്രമാണുണ്ടായത്.

ക്ളസ്റ്ററുകൾ ഇവ

പൂന്തുറ,​ പുല്ലുവിള,​ പുതുക്കുറിച്ചി,​ ബീമാപള്ളി,​ വിഴിഞ്ഞം,​ അടിമലത്തുറ,​ പൊഴിയൂർ,​ പെരുമാതുറ,​ പൂവാർ,​ കുളത്തൂർ,​ കാരോട് എന്നിവയാണ് മറ്റ് പ്രധാന ക്ളസ്റ്ററുകൾ. ഏറ്റവും ഒടുവിൽ ക്ളസ്റ്റർ രൂപം കൊണ്ടത് പൂജപ്പുര സെൻട്രൽ ജയിലിൽ ആയിരുന്നു. ഇവിടെ 970 തടവുകാരിൽ 474 പേർക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാലിപ്പോൾ രോഗബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. അതേസമയം,​ വീണ്ടും ഇവിടെ ലാർജ് ക്ളസ്റ്റർ ആകാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. പാറശാലയിലാണ് മറ്റൊരു വലിയ ക്ളസ്റ്റർ ഉള്ളത്. ഇതിന് കീഴിലുള്ള പുതുവൽ,​ നെയ്യാർഡാം,​ പരശുവയ്ക്കൽ,​ ഉദിയൻകുളങ്ങര,​ അമരവിള,​ ചെങ്കൽ എന്നിവിടങ്ങളിൽ സമ്പർക്ക രോഗബാധ ഇപ്പോഴും കൂടുതലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

തീരപ്രദേശത്തെ ഏറ്റവും വലിയ ക്ളസ്റ്ററുകളിലൊന്നായിരുന്നത് അ‌ഞ്ചുതെങ്ങാണ്. അടുത്തിടെ ഇവിടെ 2,690 പേരെ പരിശോധിച്ചപ്പോൾ 700 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം തന്നെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ചികിത്സയിലാണ്. എന്നാൽ, ഇവിടെ രോഗവ്യാപന തോത് കുറഞ്ഞുവരുന്നത് ആശ്വാസമായിട്ടുണ്ട്.