ലോസാഞ്ചലസ് : വളർത്തുനായയുടെ ആക്രമണത്തിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. 84 വയസുള്ള കാരോലീൻ വറാനീസിനെയാണ് പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ ആക്രമിച്ചത്. കാരോലീനെ രക്ഷിക്കാൻ ശ്രമിച്ച 57 കാരനായ മകൻ ജോസഫിന്റെ മുഖത്തും ശരീരത്തും നായ മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു. കാരോലീൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കാരോലീന്റെ കുടുംബം ഈ നായയെ ദത്തെടുത്തത്. അന്നുമുതൽ കാരോലീനൊപ്പമായിരുന്നു നായയുടെ ഉറക്കവും. നായയെ ആക്രമണത്തിന് പ്രകോപിപ്പിച്ചതിന് പിന്നിലെ കാരണമെന്തെന്ന് അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. നായയെ ഒരു ആനിമൽ കെയർ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.