തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ സി പി എമ്മിനും പങ്കെന്ന് അടൂർ പ്രകാശ് എം പി. ഡി വെെ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിനെതിരെയും അടൂർ പ്രകാശ് ആരോപണമുന്നയിച്ചു. അറസ്റ്റിലായവർക്ക് സി പി എമ്മുമായി ബന്ധമുണ്ടെന്നും വെഞ്ഞാറമൂട് സ്റ്റേഷൻ ഭരിക്കുന്നത് റൂറൽ എസ് പി നേരിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസിന് ഡി വെെ എഫ് ഐ സംസ്ഥാന സെക്രട്ടറി നിർദേശം നൽകിയതായും അടൂർ പ്രകാശ് ആരോപിച്ചു.
സി പി എം തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുകയാണ്. കേസിൽ സി ബി ഐ അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിക്കട്ടെ. കൊലപാതകം നടന്ന ദിവസം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അർദ്ധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ എത്തി. രാതി 2.45 ന് ഷെഹീന്റെ മൊഴി എടുക്കുന്നതിനിടയിലാണ് എത്തിയത്. മൊഴി എടുക്കുന്നതിനിടയിൽ റഹീം നിർദേശങ്ങൾ നൽകി.
കേസിലുൾപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ ന്യായീകരിക്കുന്നില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അടൂർ പ്രകാശ് പറഞ്ഞു. കേസിന്റെ സത്യാവസ്ഥ തെളിയിക്കണം. ഡി.കെ.മുരളി എം എൽ എയുടെ മകനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.