ചെന്നൈ : തമിഴ്നാട്ടിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലമുണ്ടായ ഇടവേളയ്ക്ക് ശേഷം മദ്യം ഉപയോഗത്തിലുണ്ടായ വർദ്ധനവ് നിരവധി പുരുഷൻമാരിൽ ' ആൽക്കഹോൾ ഇൻഡ്യൂസ്ഡ് സൈക്കോസിസ് ' എന്ന അവസ്ഥയ്ക്ക് കാരണമാകുന്നതായി വിദഗ്ദ്ധരുടെ കണ്ടെത്തൽ. ചിന്ത, ധാരണ, പെരുമാറ്റം തുടങ്ങിയവയിലുണ്ടാകുന്ന തടസങ്ങളും വ്യതിയാനങ്ങളും ചേർന്ന മാനസികാവസ്ഥയാണ് ആൽക്കഹോൾ ഇൻഡ്യൂസ്ഡ് സൈക്കോസിസ്.
ലോക്ക്ഡൗൺ സമയത്ത് നിരവധി പേരാണ് മദ്യപാനം നിറുത്തിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്തിലെ സൈക്കാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദേവി പറയുന്നു. മാനസിക രോഗ ചികിത്സയിൽ തമിഴ്നാട്ടിൽ ഏറ്റവും അറിയപ്പെടുന്ന സ്ഥാപനമാണ് ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത്.
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യ വില്പനയും ഉയർന്നു. മദ്യപാനം നിറുത്തിയിരുന്നവർ വീണ്ടും സ്ഥിരമായി മദ്യം കഴിക്കാൻ തുടങ്ങി. വളരെ ഉയർന്ന അളവിലാണ് ഇവരിൽ പലരും മദ്യം അകത്താക്കിയതും. എന്നാൽ ഇത് പലരിലും മാനസിക സംഘർഷങ്ങളിലേക്ക് വഴിതെളിയ്ക്കുകയായിരുന്നു. ഇത്തരത്തിലുള്ളവർ സഹായത്തിനായി തങ്ങളെ സമീപിച്ചതായും ഡോ. ദേവി വ്യക്തമാക്കി. വീണ്ടും മദ്യം ഉപയോഗിക്കാതിരുന്നെങ്കിൽ അവർക്ക് ഈ ശീലത്തിൽ നിന്നും പൂർണമായും രക്ഷപെടാൻ സാധിക്കുമായിരുന്നു.
മാസങ്ങൾക്ക് ശേഷം മദ്യപാനം പുനഃരാരംഭിച്ച ഒരാൾക്ക് പ്രകടമായ ആൽക്കഹോൾ ഇൻഡ്യൂസ്ഡ് സൈക്കോസിസിന്റെ ലക്ഷണങ്ങളും അധികൃതർ വെളിപ്പെടുത്തുകയുണ്ടായി. അയാൾക്ക് ഉറക്കം നഷ്ടപ്പെടുകയും അശാന്തമായ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു. അയാൾ നിറുത്താതെ സംസാരിച്ചുകൊണ്ട് ചുറ്റുപാടും അലഞ്ഞ് തിരിഞ്ഞ് നടക്കുകയും ചെയ്തു. ഇവിടെ അയാളുടെ ചിന്തകളും ധാരണകളും സ്വഭാവവും മാറിമറിഞ്ഞിരിക്കുകയാണ്. 40 കാരനായ ഓട്ടോഡ്രൈവറാണ് അയാൾ. അയാളുടെ ഭാര്യ ഒരു ആശുപത്രിയിൽ അറ്റൻഡന്റ് ആണ്. മക്കളെ ബന്ധുക്കളുടെ വീടുകളിലേക്ക് പറഞ്ഞയക്കേണ്ടി വന്നു. അയാളുടെ മദ്യത്തോടുള്ള അമിതാസക്തി അയാളുടെ മാനസികനിലയെ മാത്രമല്ല, കുടുംബത്തിന്റെ സമാധാനം പോലും തകർത്തുകളഞ്ഞതായി സൈക്കാട്രിസ്‌റ്റുകൾ പറയുന്നു.
ഇതുപോലെ നിരവധി പേരാണ് ഇന്ന് സമൂഹത്തിലുള്ളത്. ഒട്ടനവധി പേരാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്തിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ആന്റി സൈക്കോട്ടിക്സ്, ആൻക്സിയോലിറ്റിക്സ്, ഇൻട്രാവെനസ് ഫ്ലൂയിഡുകൾ, മൾട്ടിവിറ്റമിൻ സപ്ലിമെന്റുകൾ തുടങ്ങിയ ഉപയോഗിച്ചാണ് ആൽക്കഹോൾ ഇൻഡ്യൂസ്ഡ് സൈക്കോസിസ് ബാധിച്ചവരെ ചികിത്സിക്കുന്നത്. ആശുപത്രി വിട്ടാലും രോഗാവസ്ഥ ആവർത്തിക്കാതിരിക്കാൻ നിശ്ചിത സമയങ്ങളിൽ ആശുപത്രിയിലെത്തുകയും മരുന്നുകൾ തുടർച്ചയായി കഴിക്കുകയും വേണം. മദ്യം ഒഴിവാക്കുന്ന വേളയിലും ചിലർക്ക് ഇത്തരം മാനസികാവസ്ഥകൾ കണ്ടെന്ന് വരാം. കൃത്യമായി ഡോക്ടറുടെ നിർദ്ദേശം ഈ ഘട്ടങ്ങളിൽ തീർച്ചയായും തേടിയിരിക്കണം.