
അബുദാബി: ഇസ്രായേലുമായി വർഷങ്ങളായി അറബ് രാജ്യങ്ങൾ തുടരുന്ന അകൽച്ച കുറയുന്നു എന്ന് സൂചന നൽകി അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്‌ടാവായ ജെറാൾഡ് കുഷ്‌നർ അത്തരമൊരു സൂചന കഴിഞ്ഞ ദിവസം യു.എ.ഇയിൽ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. മുഴുവൻ അറബ് രാജ്യങ്ങൾക്കും ഇസ്രായേലുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനാകുമെന്നാണ് ജെറാൾഡ് കുഷ്‌നർ അഭിപ്രായപ്പെട്ടത്. ഇസ്രായേസലിൽ നിന്ന് യു.എ.ഇയിലേക്കുളള ആദ്യ വിമാനം കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ ഇറങ്ങിയത്. ഇതിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉന്നതതല പ്രതിനിധി സംഘം യു.എ.ഇയിൽ വന്നിറങ്ങി. ഈജിപ്‌റ്റും ജോർദ്ദാനുമാണ് യു.എ.ഇയെ കൂടാതെ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുളള അറബ് രാജ്യങ്ങൾ. മറ്റൊരു രാജ്യം കൂടി മാസങ്ങൾക്കകം ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിക്കുമെന്ന് ജെറാൾഡ് കുഷ്‌നർ പറഞ്ഞു.
ഇസ്രായേൽ കൈവരിച്ച വിവിധ രംഗങ്ങളിലെ പുരോഗതി ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്നും ഇസ്രായേലുമായി അറബ് രാജ്യങ്ങൾക്ക് സാധാരണ ബന്ധമുണ്ടാകാൻ നിരവധി കാരണങ്ങളുണ്ടെന്നും അത് നടപ്പാകാതിരിക്കാൻ വളരെ കുറച്ച് കാരണമേയുളളൂവെന്നും കുഷ്‌നർ അഭിപ്രായപ്പെട്ടു. ഇസ്രായേലും അറബ് രാജ്യങ്ങളും കാലങ്ങളായി തുടരുന്ന അകൽച്ച മാറുമോയെന്ന് ഉറ്രുനോക്കുകയാണ് ലോകം.