മാഡ്രിഡ് : ലയണൽ മെസിക്ക് ഇനി സ്പാനിഷ് ക്ളബ് ബാഴ്സലോണയിൽ തുടർന്നുപോവുക സാദ്ധ്യമല്ലെന്ന് താരത്തിന്റെ പിതാവ് ജോർജ് മെസി. ബാഴ്സലോണ ക്ളബ് അധികൃതരുമായി ചർച്ചയ്ക്ക് എത്തിയപ്പോഴാണ് താരത്തിന്റെ ഏജന്റ് കൂടിയായ പിതാവ് നയം വ്യക്തമാക്കിയത്. ഇന്നലെയാണ് ജോർജ് അർജന്റീനയിൽ നിന്ന് ബാഴ്സലോണയിലെത്തിയത്.
കഴിഞ്ഞയാഴ്ച താൻ ക്ളബ് വിടാൻ ആഗ്രഹിക്കുന്നതായി കത്തിലൂടെ മെസി ബാഴ്സലോണ ക്ളബ് അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാൽ താരത്തെ കൈവെടിയാൻ ഒരുക്കമല്ലാത്ത ക്ളബ് കരാർ പ്രശ്നം ഉയർത്തി എതിർക്കുകയായിരുന്നു. ക്ളബ് വിടണമെങ്കിൽ 6150 കോടിയോളം രൂപ നഷ്ടപരിഹാരമാണ് ബാഴ്സലോണ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്ളബിന്റെ പ്രീ സീസൺ കൊവിഡ് ടെസ്റ്റിലും ആദ്യ പരിശീലന സെഷനിലും മെസി പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്നാണ് പിതാവുമായി ചർച്ചയ്ക്ക് ബാഴ്സലോണ അധികൃതർ തയ്യാറായത്. അതേസമയം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ആയിരിക്കുമോ മെസി പോവുകയെന്ന ചോദ്യത്തിന് ജോർജ് പ്രതികരിച്ചില്ല. 4900 കോടി രൂപയ്ക്ക് മെസി മാഞ്ചസ്റ്റർ സിറ്റിയുമായി കരാറിലെത്തിയതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
2017-ൽ പുതുക്കിയ കരാർ പ്രകാരം മെസിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരോ സീസണിന്റെയും അവസാനം ക്ലബ് വിടാൻ മെസിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ജൂൺ 10 ആണ് ഈ അവകാശം ഉപയോഗപ്പെടുത്താനുള്ള അവസാനതീയതിയായി വച്ചിരിക്കുന്നത്. ഈ തീയതി കഴിഞ്ഞതിനാൽ ഇനി പോകണമെങ്കിൽ അദ്ദേഹമോ വാങ്ങുന്ന ക്ളബോ 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടി രൂപ) നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ബാഴ്സയുടെ നിലപാട്. കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ആഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.
ബാഴ്സലോണയുമായുള്ള കരാർ പ്രശ്നം പരിഹരിക്കാതെ മറ്റ് ഏതെങ്കിലും ക്ലബ്ബിൽ ചേരാൻ മെസ്സി തയ്യാറായാൽ അത് ഭാവിയിൽ താരത്തിനും ആ ക്ലബിനും തലവേദനയാകും.
പിന്നീട് വിഷയം ഫിഫയുടെ തർക്ക പരിഹാര സമിതിക്ക് മുന്നിലാകും വരിക. ബാഴ്സലോണയുടെ വാദത്തിനാണോ അതോ മെസ്സിയുടെ വാദത്തിനാണോ ഇവിടെ നിയമസാധുത ലഭിക്കുക എന്നത് അനുസരിച്ചിരിക്കും തുടർന്നുള്ള നടപടികൾ. ക്ലബ്ബിന്റെ വാദത്തിന് നിയമസാധുത ലഭിച്ചാൽ താരത്തിന് ഫിഫയുടെ വിലക്ക് വരെ ലഭിക്കാൻ സാധ്യതയുണ്ട്.