ന്യൂഡൽഹി : രാജ്യത്തെ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ തയാറാക്കിയ കർമയോഗി പദ്ധതിയ്ക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം. സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ പ്രൊഫഷണൽ ആക്കി മാറ്റുന്ന പദ്ധതിയാണ് മിഷൻ കർമയോഗി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എച്ച്.ആർ കൗൺസിൽ മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതി പ്രകാരം സർക്കാർ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ശേഷി വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നു. തിരഞ്ഞെടുത്ത കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പദ്ധതിയുടെ മേൽനോട്ടത്തിന്റെ ഭാഗമാകും. നൈപുണ്യ നിർമാണ പരിപാടിയായ കർമയോഗി മിഷൻ ഭാവിയിലേറെ ഗുണം ചെയ്യുമെന്നും കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ മാനവ വിഭവശേഷി വികസന പരിഷ്കാരമാണിതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.
' ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ആയിരിക്കണമെന്ന സർക്കാരിന്റെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി. ഒരു ഉദ്യോഗസ്ഥൻ ഏതു വെല്ലുവിളിയേയും പ്രാപ്തമാക്കാൻ തക്ക തരത്തിൽ ഭാവനാത്മകവും നൂതനവും സജീവവും സുതാര്യവുമായിരിക്കണം. ഒപ്പം പ്രൊഫഷണലിസവും ഊർജസ്വലതയും സാങ്കേതിക പരിജ്ഞാനവുമുള്ളയാളായിരിക്കണം. മിഷൻ കർമയോഗി ഇതിനായി രൂപകല്പന ചെയ്തതാണ്. സെക്ഷൻ ഓഫീസർമാർ മുതൽ സെക്രട്ടറിമാർ വരെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഈ സ്കീമിന്റെ പ്രയോജനം ലഭിക്കും. ' ഡിപ്പാർട്ട്മെന്റ് ഒഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗിന്റെ സെക്രട്ടറി സി. ചന്ദ്രമൗലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓരോ വർഷവും സർക്കാർ ജീവനക്കാരുടെ പ്രവർത്തനവും സംഭാവനയും ആധുനിക മാർഗങ്ങളിലൂടെ വിലയിരുത്തും. പ്രത്യേക ശേഷി ആവശ്യമായ മേഖലകളിൽ ഉദ്യോഗസ്ഥരുടെ ടീമിനെ തയാറാക്കും. ജീവനക്കാരുടെ പരിശീലന സെന്ററുകളുടെ നിയന്ത്രണം ഇനി മുതൽ കാര്യശേഷി വികസന കമ്മീഷന് ആയിരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ചാകും പരിശീലന പരിപാടികൾ നടത്തുക. മൂന്ന് ധാരണാപത്രങ്ങൾക്ക് കൂടി കാബിനറ്റ് അംഗീകാരം നൽകിയതായി പ്രകാശ് ജാവേദ്കർ അറിയിച്ചു. ടെക്സ്റ്റൈൽ മന്ത്രാലയവും ജപ്പാനും തമ്മിലും, മൈനിംഗ് മന്ത്രാലയവും ഫിൻലൻഡും തമ്മിലും, ഊർജമന്ത്രാലയവും ഡെൻമാർക്കും തമ്മിലുമുള്ള ധാരണാപത്രങ്ങളാണത്.