
ന്യൂഡൽഹി: ഫേസ്ബുക്ക് പ്രതിനിധികൾ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അജിത് മോഹൻ. ഫേസ്ബുക്ക് നിലപാടുകൾ നിഷ്പക്ഷമാണെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയോടും പ്രത്യേക ചായ്‌വ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ അദ്ധ്യക്ഷനായ സമിതിക്ക് മുന്നിലാണ് അജിത് മോഹൻ ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി നേതാക്കളുടെ വർഗ്ഗീയ പ്രചരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണത്തെ തുടർന്ന് ഇന്ത്യയിലെ ഫേസ്ബുക്ക് പ്രതിനിധികൾ ഇന്ന് പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകണമെന്ന് അറിയിച്ചിരുന്നു.
ഫേസ്ബുക്ക് ഇന്ത്യയുടെ രാഷ്‌ട്രീയ നിലപാട് സംബന്ധിച്ച് അമേരിക്കൻ ജേണലായ വോള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ടിനു പിന്നാലെ ഇക്കാര്യം സമിതി പരിശോധിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കിയത് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു. സോഷ്യൽ മിഡിയാ പ്ലാറ്റ്ഫോമുകളും ബി.ജെ.പിയും തമ്മിലുളള ബന്ധം സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നത് ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇന്ത്യയിലെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ടു തവണ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സമിതി വിളിച്ച് ചേർത്തിരിക്കുന്നത്. പൗരന്മാരുടെ അവകാശം സംരക്ഷിക്കുക, സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക, വ്യാജ വാർത്ത തടയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സമിതി വിളിച്ച് ചേർത്തിരിക്കുന്നത്. യോഗം തുടരുകയാണ്.