ചെന്നൈ : തമിഴ്നാട്ടിലെമ്പാടുമുള്ള വിദ്യാർത്ഥികൾ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ കട്ട ഫാനായി മാറിയിരിക്കുകയാണ്. കൊവിഡ് വ്യാപനം മുൻനിറുത്തി വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കി എല്ലാവരെയും പാസാക്കിയതോടെയാണ് പളനി സ്വാമിയ്ക്ക് നന്ദിയറിയിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്. അവസാന വർഷ സർവകലാശാല പരീക്ഷകൾ ഒഴികെയുള്ള എല്ലാ യു.ജി, പി.ജി പരീക്ഷകളുമാണ് അടുത്തിടെ തമിഴ്നാട്ടിൽ റദ്ദാക്കിയത്.
പ്രതിസന്ധി മറികടന്ന് തങ്ങളെയെല്ലാം പരീക്ഷ കൂടാതെ ജയിപ്പിച്ച മുഖ്യമന്ത്രിയ്ക്ക് പോസ്റ്ററുകളിലൂടെയും ബാനറുകളിലൂടെയുമൊക്കെയാണ് വിദ്യാർത്ഥികൾ നന്ദിയും സ്നേഹവും അറിയിക്കുന്നത്. ' തമിഴ്നാട്ടിലെ വിദ്യാർത്ഥികളുടെ ബാഹുബലി ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് പളനിസ്വാമിയെ സ്റ്റാർ ആക്കി പോസ്റ്ററുകൾ ഡിണ്ടിഗൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉയർന്നു കഴിഞ്ഞു.
അവസാന വർഷ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 15ന് ശേഷം പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് യു.ജി, പി.ജി വിദ്യാർത്ഥികളെയെല്ലാം ജയിപ്പിക്കാനാണ് സർക്കാർ തീരുമാനം. സപ്ലിമെന്ററി പേപ്പറുകളിലും ഓൾ പാസാണ് നൽകിയിരിക്കുന്നത്. പരീക്ഷാ ഫീസ് അടച്ച എല്ലാവരെയും ജയിപ്പിക്കും. ഹാജർ, ഇന്റേണൽ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗ്രേഡ് നിർണയം.