radhakrishnan-

ബംഗളൂരുവില്‍ ലഹരി മരുന്ന് ഇടപാട് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ സി പി എമ്മിനെയും ബിനീഷ് കോടിയേരിയേയും പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ് ബി ജെ പി നേതാവായ കെ എസ് രാധാകൃഷ്ണന്‍. സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നാണ് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞപ്പോള്‍ അതില്‍ കൊടിയേരി സഖാവിന്റെ മക്കള്‍ ഉണ്ടായിരിക്കുമെന്ന് വിചാരിച്ചില്ലെന്ന് കെ എസ് രാധാകൃഷ്ണന്‍ എഴുതുന്നു. ബിനീഷ് കോടിയേരിയുടെ സിനിമാ ബന്ധങ്ങള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. കൊച്ചിയെ മയക്കുമരുന്ന് ഇടപാടുകളുടെ കേന്ദ്രമാക്കി മാറ്റിയതില്‍ ചില സിനിമാക്കാരുടെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉപ്പു തിന്നവര്‍ കൊടിയേരിയില്‍ ഒതുങ്ങുമോ?
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് പിണറായി സഖാവ് പറഞ്ഞപ്പോള്‍ അങ്ങനെ ഉപ്പുതിന്നവരുടെ കൂട്ടത്തില്‍ കൊടിയേരി സഖാവിന്റെ മക്കള്‍ ഉണ്ടായിരിക്കുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. മകന്‍ കൊടിയേരി സഖാവിന്റെ ആത്മ മിത്രമാണ് മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് മുഹമ്മദ്. അനൂപ് മുഹമ്മദിന്റെ മൊഴിയിലാണ് കൊടിയേരി സഖാവിന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ പേരുള്ളത്.

അനൂപ് തന്റെ ആത്മമിത്രമാണെന്നും അദ്ദേഹത്തിന് കച്ചവടം നടത്താനായി സാമ്പത്തിക സഹായം നല്‍കിയെന്നും സത്യസന്ധതയ്ക്ക് പുകള്‍പെറ്റ ബിനീഷ് കൊടിയേരി സമ്മതിച്ചു. പക്ഷെ, പണം നല്‍കിയത് കട്ടന്‍ കാപ്പിയും, പരിപ്പുടയും വില്‍ക്കാനുള്ള ഹോട്ടല്‍ തുടങ്ങാനായിരുന്നു എന്നും ആ ചായക്കടയില്‍ മയക്കുമരുന്ന് കച്ചവടമുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നു എന്നുമാണ് ജൂനിയര്‍ കൊടിയേരി സഖാവ് പറയുന്നത്. അത് നമ്മള്‍ വിശ്വസിക്കണം. പാര്‍ട്ടി തീരുമാനമാണ്.


പറയുന്നത് പാര്‍ട്ടി സെക്രട്ടറിയുടെ മകനായതുകൊണ്ട്, പാര്‍ട്ടിക്കാര്‍ക്കും അവരുടെ ശിങ്കിടി പാട്ടുകാര്‍ക്കും അത് അപ്പാടെ വിശ്വസിക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് ആ ബാധ്യതയില്ല എന്ന കാര്യം സഖാക്കള്‍ മറക്കരുത്. മയക്കുമരുന്ന് ഉപഭോക്താക്കളെ സിനിമാക്കാര്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്താനായി ബ്രോക്കറായി പ്രവര്‍ത്തിച്ചതും ജൂനിയര്‍ കൊടിയേരി സഖാവാണെന്നും സംസാരമുണ്ട്.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംവിധായകരും അഭിനേതാക്കളും തിരക്കഥാകൃത്തുകളുമടക്കം പത്തിലേറെ കസ്റ്റമേഴ്സിനെ കണ്ടെത്താന്‍ മകന്‍ സഖാവിന് കഴിഞ്ഞു എന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. കൊടിയേരി സഖാവിന്റെ മക്കള്‍ തങ്കകുടങ്ങളാണ്. അവരെക്കുറിച്ച് ഇല്ലാവചനം പറയുന്നവന്റെ നാക്ക് പുഴുത്തു പോകുമെന്ന് ലോക്കല്‍ സഖാക്കള്‍ തലയില്‍ കൈവെച്ചാണ് പ്രാകുന്നത്. സഖാക്കളുടെ പ്രാക്കല്ലേ ഫലിക്കാതിരിക്കില്ല.

കൊച്ചി കേന്ദ്രീകരിച്ച് സിനിമാക്കാര്‍ വന്നതോടെയാണ് മയക്കുമരുന്ന് കേന്ദ്രം എന്ന ദുഷ്‌പേര് കൂടി കൊച്ചിക്ക് കിട്ടിയത്. നാറിയവനെ ചാരിയാല്‍ ചാരിയവനും നാറും എന്ന് പറയുന്നത് എത്രയോ ശരി.
ഉപ്പുതിന്നവര്‍ കൊടിയേരി സഖാവിന്റെ മക്കളില്‍ ഒതുങ്ങുമോ? അതോ അതുക്കും മേലെയുള്ളവരിലേക്ക് എത്തുമോ? കാര്യങ്ങളുടെ കിടപ്പുവശം നോക്കുമ്പോള്‍ ഒരുപാട് പേര്‍ക്ക് കുടിക്കാനായി വളരെയധികം വെള്ളം കരുതിവെയ്ക്കുന്നത് നന്നായിരിക്കും. കൊടിയേരി സഖാവിനും മക്കള്‍ക്കും വിപ്ലവാഭിവാദ്യം അര്‍പ്പിക്കാനായി എ എ റഹിം ശ്രമമാരംഭിച്ചു എന്നാണ് കേള്‍വി.
ഡോ. കെ. എസ്. രാധാകൃഷ്ണന്‍