aa-rahim-

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പേരിലുള്ള രാഷ്ട്രീയ വാഗ്വാദങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ക്രൂരകൃത്യം ചെയ്തതെന്ന് തുടക്കം മുതല്‍ ആരോപിക്കുന്ന ഇടത് നേതാക്കള്‍ പ്രതികളെ സംരക്ഷിക്കുവാന്‍ സ്ഥലം എം പിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് ശ്രമിച്ചുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ നിഷേധിക്കുന്ന അടൂര്‍ പ്രകാശ് എം പി കൊലപാതകം നടന്ന ദിവസം അര്‍ദ്ധരാതിയില്‍ ഡി വൈ എഫ് ഐ നേതാവ് എ എ റഹീം പൊലീസ് സ്റ്റേഷനില്‍ എത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് ആരോപിച്ചിരുന്നു.

എന്നാല്‍ സംഭവ സമയത്ത് സ്ഥലത്ത് പോയതും സാക്ഷിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും സ്വാഭാവികമാണെന്നാണ് ഈ ആരോപണത്തിന് മറുപടിയായി എ എ റഹീം പറയുന്നത്. ഇതിനൊപ്പം അന്വേഷണം തനിക്കെതിരെ നീങ്ങുന്ന എന്ന ഭയപ്പാടിലാണ് അടൂര്‍ പ്രകാശെന്നും മുഖം വികൃതമായപ്പോള്‍ സ്വയം കണ്ണട നശിപ്പിക്കുന്ന സ്വഭാവമാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും എ എ റഹീം പറഞ്ഞു.

കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ക്ക് സി പി എം ബന്ധമുണ്ടെന്നും അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളിലടക്കം സ്ഥലം എം എല്‍ എ ഡി കെ മുരളിയുടെ മകനുമായി മുന്‍പുണ്ടായ സംഘര്‍ഷത്തിന് കൊലപാതകവുമായി ബന്ധമുണ്ടെന്നും അടൂര്‍ പ്രകാശ് ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ വിഷയങ്ങളിലും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.