പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി.മത്തായിയുടെ (പൊന്നു 41) മൃതദേഹം നാളെ റീ പോസ്റ്റുമോർട്ടം ചെയ്യും.
രാവിലെ ഒമ്പതിന് റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റെടുത്ത് സി.ബി.ഐ സംഘം ഇൻക്വസ്റ്റ് തയാറാക്കും. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം. മൂന്ന് ഫോറൻസിക് സർജൻമാർ അടക്കം വിദഗ്ദഡോക്‌ടർമാരുടെ പാനലിനെ പോസ്റ്റുമോർട്ടത്തിനായി സി.ബി.ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് അന്വേഷണം ഏറ്റെടുത്ത ശേഷം സി.ബി.ഐ ഹൈക്കോടതിയിലും തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതിയിലും അറിയിച്ചിരുന്നു. പിന്നീട് ഇക്കാര്യം അറിയിച്ച് സർക്കാരിന് കത്ത് നൽകുകയും ഡോക്ടർമാരുടെ പാനൽ സമർപ്പിക്കുകയും ചെയ്തു. ഡോക്‌ടർമാരുടെ പാനലിനെ അംഗീകരിച്ച് ആഭ്യന്തരവകുപ്പ് മറുപടി നൽകിയതോടെയാണ് പോസ്റ്റുമോർട്ടം നാളെ നടത്താൻ തീരുമാനമായത്.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. തുടർന്ന് അരീക്കക്കാവിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാത്രി അവിടെ മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കും. ശനിയാഴ്ച രാവിലെ കുടപ്പനയിലേക്കു കൊണ്ടുപോകും. 11.45ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കാരം നടത്തും. ജൂലായ് 28നാണ് മത്തായി കിണറ്റിൽ വീണ് മരിച്ചത്.