metro

ന്യൂഡൽഹി: കൊവിഡ് മൂലം നിറുത്തലാക്കിയിരുന്ന രാജ്യത്തെ മെട്രോ ട്രെയിൻ സർവീസുകൾ ഈ മാസം ഏഴ് മുതൽ ആരംഭിക്കും. നാലാം ഘട്ട അൺ ലോക്കിംഗിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച് മെട്രോ സേവനങ്ങൾ പുനരാരംഭിക്കുന്നതിനായുളള പ്രത്യേക നടപടി ക്രമങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. കണ്ടെയ്ൻമെന്റ് സോണിലുളള എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചിടണമെന്നും നിർദേശമുണ്ട്.

മെട്രാ സ്റ്റേഷനുകളിൽ എത്തുന്നവർ കൃത്യമായി സാമൂഹിക അകലം പാലിച്ചിരിക്കണം. ഇതിനായി സ്റ്റേഷനുളളിൽ തന്നെ പ്രത്യേകം സ്ഥാനങ്ങൾ അടയാളപ്പെടുത്തണം. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കാതെ വരുന്നവർക്ക് പണം നൽകി മാസ്കുകൾ വാങ്ങാനുളള സൗകര്യം ഏർപ്പെടുത്തണം.താപ പരിശോധന നടത്തി മാത്രമെ യാത്രക്കാരെ സ്റ്റേഷനുളളിൽ പ്രവേശിപ്പിക്കാവു എന്നിവയാണ് നിർദേശങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുളള കൊവിഡ് കെയർ സെന്റെറിലേക്ക് മാറ്റണമെന്നും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാൻ നിർദേശിക്കണമെന്നും നടപടി ക്രമങ്ങളിൽ പറയുന്നു .സ്റ്റേഷനുകളിൽ സാനിറ്റെെസറുകൾ നൽകണമെന്നും നിർദേശമുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ 15 മെട്രോ റെയിൽ കോർപ്പറേഷനുകളുടെ മാനേജിംഗ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായത്. എന്നാൽ മഹാരാഷ്‌ട്രയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മെട്രോ ട്രെയിൻ സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.