ബെർലിൻ : റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയ്ക്ക് നോവിചോക് നെർവ് ഏജന്റ് എന്ന രാസായുധത്തിന്റെ വിഷബാധയാണ് ഏറ്റതെന്ന് ജർമൻ സർക്കാർ. ഒരു മിലിട്ടറി ലബോറട്ടിയിൽ നടത്തിയ പരിശോധനയിലാണ് അലക്സിയുടെ ഉള്ളിലെത്തിയത് നോവിചോക് ഗ്രൂപ്പിൽപ്പെട്ട വിഷമാണെന്ന് കണ്ടെത്തിയത്. അലക്സിയ്ക്ക് വിഷം കൊടുത്തത് തന്നെയെന്ന് അലക്സിയെ ചികിത്സിക്കുന്ന ബെർലിനിലെ ചാരിറ്റി ഹോസ്പിറ്റൽ അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസമാണ് സൈബീരിയൻ നഗരമായ ഓംസ്കിൽ നിന്നും അലക്സിയെ ജർമനിയിലെത്തിച്ചത്. സൈബീരിയയിലെ ടോംസ്ക് നഗരത്തിൽ നിന്നും മോസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ച ശേഷമാണ് 44 കാരനായ അലക്സി വിഷബാധയേറ്റ് അബോധാവസ്ഥയിലായത്. അലക്സിയെ ആദ്യം ചികിത്സിച്ച സൈബീരിയൻ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തിന് വിഷബാധയേറ്റതായുള്ള ആരോപണങ്ങൾ തള്ളിയിരുന്നു. എന്നാൽ ഈ ഡോക്ടർമാരെ തങ്ങൾക്ക് വിശ്വസിക്കാനാവില്ലെന്ന് അലക്സിയുടെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. അലക്സി ഇപ്പോഴും കോമയിൽ തുടരുകയാണ്.
റഷ്യൻ പ്രധാനമന്ത്രി വ്ലാഡിമിർ പുടിന്റെ നിർദ്ദേശ പ്രകാരമാണ് അലക്സിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തിൽ ജർമനി റഷ്യയോട് വിശദീകരണം തേടിയിരുന്നു. അലക്സിയ്ക്ക് നേരെ പ്രയോഗിച്ചത് നോവിചോക് രാസായുധമാണെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ജർമൻ ചാൻസലർ അംഗല മെർക്കൽ മുതിർന്ന മന്ത്രിമാരുമായി തുടർ നടപടികൾ ചർച്ച ചെയ്തു. അതേ സമയം, അലക്സിയ്ക്ക് നോവിചോക് വിഷബാധയേറ്റത് സംബന്ധിച്ച വിവരങ്ങൾ ജർമനിയിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യൻ അധികൃതരെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ കണ്ടെത്തൽ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ഉന്നയിക്കുമെന്നാണ് ജർമനിയുടെ നിലപാട്.
എന്താണ് ' നോവിചോക് '
റഷ്യൻ ഭാഷയിൽ ' നോവിചോക് ' എന്നാൽ ' നവാഗതൻ ' എന്നാണ്. 70 കളിലും 80കളിലും സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത നെർവ് ഏജന്റുകളാണിവ. നെർവ് ഏജന്റുകളുടെ കൂട്ടത്തിൽ അതീവ അപകടകാരിയാണ് നോവിചോക്. നൂറിലധികം തരത്തിലുള്ള നോവിചോക് ഏജന്റുകൾ ഉണ്ടെന്നാണ് കരുതുന്നത്. മനുഷ്യ ശരീരത്തിലെ നാഡിവ്യവസ്ഥയുടെ പ്രവർത്തനത്തെ ഈ രാസവിഷങ്ങൾ തകർക്കുന്നു. ശ്വസനത്തിലൂടെയോ ത്വക്കിലൂടെയോ ഇവ മനുഷ്യന്റെ ഉള്ളിൽ കടന്ന് കഴിഞ്ഞാൽ ഉടൻ ചികിത്സ കിട്ടിയില്ലെങ്കിൽ മരണം ഉറപ്പാണ്. ഖര രൂപത്തിലും ദ്രാവക രൂപത്തിലും നോവിചോക് ഏജന്റുകൾ കാണപ്പെടുന്നു. മനുഷ്യ ശരീരത്തിനുള്ളിലെത്തി 30 സെക്കന്റ് മുതൽ 2 മിനിറ്റുകൾക്കുള്ളിൽ തന്നെ ഇവ പ്രവർത്തിച്ചു തുടങ്ങും.
ഇത് ആദ്യമായല്ല
ആദ്യമായല്ല റഷ്യ നോവിചോക് വിഷപ്രയോഗം നടത്തുന്നത്. ഏറ്റവും ഒടുവിൽ, 2018 മാർച്ച് 4ന് റഷ്യൻ മുൻ ഇന്റലിജൻസ് ഓഫീസറായിരുന്ന സെർജി സ്ക്രിപലിനും മകൾ യൂലിയ്ക്കും അലക്സിയ്ക്ക് സംഭവിച്ചത് പോലെ തന്നെ നോവിചിക് വിഷബാധയേറ്റിരുന്നു. ബ്രിട്ടനിലെ സാലിസ്ബറിയിൽ വച്ച് ദ്രവരൂപത്തിലുള്ള നോവിചോക് രാസവിഷമാണ് ഇവരുടെ ഉള്ളിലെത്തിയത്. എന്നാൽ ഇരുവരും രക്ഷപ്പെട്ടു. രണ്ട് റഷ്യൻ മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യാജ പാസ്പോർട്ടിൽ ബ്രിട്ടനിൽ എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പുടിന്റെ അറിവോടെയാണ് സെർജിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതെന്ന് ബ്രിട്ടൺ ആരോപിച്ചിരുന്നു.