re-postmortem-

ചിറ്റാർ: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഒരുങ്ങി കുടുംബം. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു മാസത്തിലേറെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നത്. മൃതദേഹം വെള്ളിയാഴ്ച റീ പോസ്റ്റ്‍മോർട്ടം ചെയ്യാൻ സി.ബി.ഐ തീരുമാനിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച സംസ്കാരച്ചടങ്ങുകൾ നടത്താൻ കുടുംബം തീരുമാനിച്ചത്. ഇക്കഴിഞ്ഞ ജൂലായ് 28-ന് വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെയാണ് മത്തായി മരണപ്പെട്ടത്.


കേസിൽ സി.ബി.ഐയുടെ നിർദേശപ്രകാരമാണ് റീ പോസ്റ്റ‍്‍മോർട്ടം നടത്തുന്നത്. സി.ബി.ഐ പ്രത്യേകം നിർദേശിച്ച മൂന്ന് ഫൊറൻസിക് സർജൻമാരാണ് പോസ്റ്റ്മോർട്ടം നടത്തുക. പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്തായിയുടേത് മുങ്ങിമരണമാണെന്നും മർദ്ദനത്തിന്‍റെ പാടുകൾ ശരീരത്തിൽ ഇല്ലെന്നുമായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മത്തായി മരിച്ചതെങ്ങനെയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഷീബ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് സി.ബി.ഐയെ അന്വേഷണ ചുമതലയേൽപ്പിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിലാണ് മത്തായിയുടെ റീ പോസ്റ്റ‍്‍മോർട്ടം നടക്കുക.

വരും ദിവസങ്ങളിൽ സി.ബി.ഐ അന്വേഷണ സംഘം ചിറ്റാറിലെത്തി തെളിവെടുപ്പ് നടത്തും. മത്തായിയുടെ ഭാര്യ ഷീബയുടെയും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥരുടേയും മൊഴിയെടുക്കും. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരയ്ക്ക് താഴെ തളർന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു മത്തായി. മൃതദേഹം സംസ്ക്കരിക്കാതെ ഒരുമാസത്തിലേറെ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഹെെക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ആരോപണവിധേയരായ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.