ദുബായ് : ജീവനക്കാര്‍ക്ക് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരികെ മടങ്ങാന്‍ നിര്‍ദ്ദേശിച്ച് യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. കഴിഞ്ഞ ദിവസമാണ് ആറുമാസത്തിലധികം നീണ്ട അടച്ചുപൂട്ടലിന് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്നത്. പിന്നീട്, മൂന്ന് ദിവസത്തിന് ശേഷമാണ് ഇത്തരത്തില്‍ നടപടി സ്വീകരിക്കേണ്ടിവന്നത്.
എന്നാല്‍, തെരഞ്ഞെടുത്ത ചില സ്‌കൂളുകള്‍ക്ക് എതിരെ മാത്രമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, സ്‌കൂളുകളുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊവിഡ് രോഗബാധ സംശയിക്കുന്ന സ്‌കൂള്‍ ജീവനക്കാരെ കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇവരുടെ അന്തിമ പരിശോധനാ ഫലം വരുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് ഈ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 30നാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഈ അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ അദ്ധ്യാപകരും മറ്റ് ജീവനക്കാരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം 35,000 പരിശോധനകള്‍ ദുബായ് സ്‌കൂളുകളില്‍ നടത്തിക്കഴിഞ്ഞതായും സൂചനയുണ്ട്. നിലവില്‍ കുട്ടികള്‍ സ്‌കൂളിലെത്തണോ അതോ വീടുകളില്‍ തന്നെ ഇരുന്ന് പഠിക്കണോ എന്ന് രക്ഷിതാക്കള്‍ക്ക് തന്നെ തീരുമാനമെടുക്കുവാന്‍ അവസരം നല്‍കിയിട്ടുണ്ട്.
അതേസമയം, സ്‌കൂളുകളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചാല്‍ വീണ്ടും ഓണ്‍ലൈന്‍ പഠനം തന്നെ തുടരുവാന്‍ നിര്‍ദ്ദേശിക്കേണ്ടി വരുമെന്നും നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു. നിലവില്‍ യു.എ.ഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചുവരികയാണ്. ചൊവ്വാഴ്ച 574 പുതിയ രോഗബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്തെ 70,805 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചിരിക്കുന്നത്.