gii

ന്യൂഡൽഹി: വേൾഡ് ഇന്റലക്‌ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ (ഡബ്ള്യു.ഐ.പി.ഒ)​ തയ്യാറാക്കിയ ആഗോള ഇന്നൊവേഷൻ സൂചികയിൽ (ജി.ഐ.ഐ)​ ഇന്ത്യയ്ക്ക് റാങ്കിംഗ് മുന്നേറ്റം. ജി.ഐ.ഐ - 2020 പട്ടികയിൽ 2019ലേതിൽ നിന്ന് നാലുസ്ഥാനങ്ങൾ മെച്ചപ്പെടുത്തി 48-ാം റാങ്ക് ഇന്ത്യ സ്വന്തമാക്കി. 131 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

സ്വിറ്റ്‌സർലൻഡിനാണ് പട്ടികയിൽ ഒന്നാംസ്ഥാനം. സ്വീഡൻ,​ അമേരിക്ക,​ ബ്രിട്ടൻ,​ നെതർലൻഡ്‌സ് എന്നിവയാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. ലോവർ - മിഡിൽ ഇൻകം വിഭാഗങ്ങൾ നയിക്കുന്ന സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇൻഫർമേഷൻ,​ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സേവനങ്ങൾ,​ കയറ്റുമതി,​ സർക്കാർ ഓൺലൈൻ സേവനങ്ങൾ,​ സയൻസിലും എൻജിനിയറിംഗിലും ബിരുദധാരികളുടെ എണ്ണം,​ ഗവേഷണ-വികസനങ്ങളിൽ അധിഷ്‌ഠിതമായ ആഗോള കമ്പനികളുടെ സാന്നിദ്ധ്യം എന്നീ ഘടകങ്ങൾ പരിഗണിച്ചുള്ള റാങ്കിംഗിൽ ആദ്യ 15ൽ ഇടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

ഐ.ഐ.ടി ഡൽഹി,​ ബോംബെ,​ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്)​ ബംഗളൂരു,​ സയന്റിഫിക് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ പ്രയത്നങ്ങളും ഇന്ത്യയ്ക്ക് കരുത്തായെന്ന് ഡബ്ള്യു.ഐ.പി.ഒ വ്യക്തമാക്കി. ഏറ്റവും ഉയർന്ന ഇന്നൊവേഷൻ വൈദഗ്ദ്ധ്യമുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതിൽ അവയുടെ പങ്ക് വലുതാണെന്നും ഡബ്ള്യു.ഐ.പി.ഒ ചൂണ്ടിക്കാട്ടി.

ചൈന,​ ഫിലിപ്പീൻസ്,​ വിയറ്റ്‌നാം എന്നിവയും പട്ടികയിൽ ആദ്യ 50നുള്ളിൽ ഇടം പിടിച്ചു. മിഡിൽ-ഇൻകം സമ്പദ്‌വ്യവസ്ഥകളിൽ 14-ാം സ്ഥാനമാണ് ചൈനയ്ക്ക്.