ന്യൂയോര്‍ക്ക് : അന്താരാഷ്ട്ര തലത്തില്‍ കാശ്മീര്‍ വിഷയത്തെ ഉയര്‍ത്തിയുള്ള പാകിസ്ഥാന്റെ വിദേശകാര്യ നയങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ആദ്യ പടിയെന്നോണം യുന്‍ രക്ഷാസമിതിയില്‍ നിന്നും കാശ്മീര്‍ വിഷയത്തിന്‍മേലുള്ള ചര്‍ച്ചകള്‍ എന്നന്നേയ്ക്കുമായി വിലക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യ. കാലഹരപ്പെട്ട അജണ്ട എന്ന ലിസ്റ്റില്‍ കാശ്മീരിനെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. അന്താരാഷ്ട്ര സമാധാനത്തിന്റെ വക്താക്കളായി പാകിസ്ഥാന്‍ സ്വയം ചമയുമ്പോഴും അവിടം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ സ്ഥാനമാണെന്ന ആരോപണവും ഇന്ത്യ ഉന്നയിക്കുന്നു.
യു എന്‍ രക്ഷാസമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിന് ആമുഖമായി നടന്ന വെര്‍ച്വല്‍ മീറ്റിംഗിലും ജമ്മു കാശ്മീരിലെ പ്രശ്നം പാക് യുഎന്‍ പ്രതിനിധി മുനീര്‍ അക്രം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ ഈ വിഷയം രക്ഷാസമിതി ചര്‍ച്ചയ്‌ക്കെടുത്തു എന്നും പാക് പ്രതിനിധി പ്രസ്താവിച്ചു. എന്നാല്‍ ഇതിന് മറുപടി എന്നവണ്ണം തിങ്കളാഴ്ച ഇന്ത്യ മറുവാദം ഉയര്‍ത്തുകയായിരുന്നു. കാലഹരണപ്പെട്ട അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടുത്തേണ്ട ആവശ്യകതയാണ് പ്രധാനമായും ഇന്ത്യ ഉയര്‍ത്തിയത്. 1948 ജനുവരി ആറിനാണ് ജമ്മുകാശ്മീര്‍ സംബന്ധിച്ചുള്ള വിഷയം യു എന്നിന്റെ മുന്നിലെത്തിയത്. രക്ഷാസമിതിയുടെ ഔദ്യോഗിക വിഷയമായി ചര്‍ച്ചയ്‌ക്കെടുത്ത കാശ്മീര്‍ വിഷയം അവസാനമായി അത്തരത്തില്‍ പരിഗണിച്ചത് 1965ലാണ്.
ഇതിനുശേഷം അദര്‍ ബിസിനസ് എന്ന വിഭാഗത്തിലാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിരുന്നത്. ഇത് മിക്കപ്പോഴും ചൈനയുടെ പിന്തുണയോടെയായിരുന്നു രക്ഷാസമിതിയില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നത്. എന്നാല്‍ മറ്റുരാജ്യങ്ങളുടെ പിന്തുണനേടി ഭൂരിപക്ഷം സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 16 ന് ജമ്മു കാശ്മീര്‍ വിഷയത്തില്‍ രക്ഷാ സമിതിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയും പതിവ് പോലെ ഒരു ഫലവുമില്ലാതെ അവസാനിച്ചു.
രണ്ടാം മോദി സര്‍ക്കാരിന്റെ കീഴില്‍ ഭരണഘടനയിലെ 370 അനുച്ഛേദം പിന്‍വലിക്കുകയും ജമ്മു കാശ്മീര്‍, ലഡാക്ക് വിഭജനം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ കാശ്മീര്‍ വിഷയം ശക്തമാക്കാന്‍ പാകിസ്ഥാന്‍ പരിശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളിലേയും പാക് എംബസികളില്‍ കാശ്മീര്‍ ഡസ്‌കിന് രൂപം നല്‍കാനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ എന്നിട്ടും യു എന്നില്‍ പിന്തുണ നേടുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി അവസാനിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലും ചൈന വീണ്ടും രക്ഷാസമിതിയില്‍ ജമ്മു കാശ്മീര്‍ വിഷയത്തില്‍ 'മറ്റേതെങ്കിലും ബിസിനസ്സ്' എന്ന വിഭാഗത്തില്‍ ചര്‍ച്ചയ്ക്ക് വിഷയം കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും ഒരു ഫലവുമില്ലാതെ അവസാനിക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കത്തിന് ഇന്ത്യ ശ്രമം തുടങ്ങിയത്. കഴിഞ്ഞ അമ്പത്തഞ്ച് വര്‍ഷമായി കാശ്മീര്‍ വിഷയം ഔദ്യോഗിക വിഷയമായി സുരക്ഷാസമിതിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും അതിനാല്‍ തന്നെ കാലഹരണപ്പെട്ട വിഷയമായി പരിഗണിക്കണമെന്നുമാണ് ഇന്ത്യയുടെ യു എന്‍ പ്രതിനിധി തിരുമൂര്‍ത്തി ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ പുതിയ നീക്കം പാകിസ്ഥാന് പുതിയ തലവേദയാവുമെന്നത് തീര്‍ച്ചയാണ്. രക്ഷാസമിതിയില്‍ സ്ഥിരാംഗമായ ചൈനയുടെ നിലപാട് നിര്‍ണായകമാവുമെങ്കിലും ഇന്ത്യയ്ക്ക് ലഭിച്ചേക്കാവുന്ന പിന്തുണ പാകിസ്ഥാന് തിരിച്ചടിയായേക്കാം. തീവ്രവാദമടക്കമുള്ള വിഷയങ്ങളെ കാശ്മീര്‍ പ്രശ്നം ഉപയോഗിച്ച് മറക്കുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടിയാവും വരും ദിവസങ്ങളെന്ന് തീര്‍ച്ച.