ന്യൂഡൽഹി : ഇന്ത്യയും ഓസ്ട്രേലിയയും ഇന്തോനേഷ്യയും ചേർന്ന് തങ്ങളുടെ വിദേശകാര്യ മന്ത്രിമാരും പ്രതിരോധ മന്ത്രിമാരും പങ്കെടുക്കുന്ന രണ്ട് വെർച്വൽ മീറ്റിംഗുകൾ നടത്താൻ ഒരുങ്ങുന്നു. ഇന്തോ - പസഫിക് മേഖലയിലെ പ്രാദേശിക സഹകരണവും സമുദ്ര സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായ ചർച്ചകൾ നടത്താനാണ് വെർച്വൽ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ മുതൽ തെക്കൻ ചൈനാക്കടൽ വരെയുള്ള പ്രദേശങ്ങളിൽ ചൈന നടത്തുന്ന ആക്രമാത്കമായ കടന്നുകയറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ചർച്ച. ചൈനയ്ക്കുള്ള മുന്നറിയിപ്പ് കൂടിയായിട്ടാണ് ചർച്ചയെ വിലയിരുത്തുന്നത്.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിയ്ക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ, ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെറ്റ്നോ മാർസുഡി എന്നിവർ തമ്മിലുള്ള വീഡിയോ കോൺഫറൻസ് ഈ മാസം അവസാനത്തോടെ ഉണ്ടാകും. തുടർന്നാണ് പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗ് നടക്കുക.
ഈസ്റ്റ് ഏഷ്യ സമ്മിറ്റ് ( ഇ.എ.എസ് ), ഇന്ത്യൻ ഓഷൻ റിം അസോസിയേഷൻ ( ഐ.ഒ.ആർ.എ ) തുടങ്ങിയവയെ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കും. സമുദ്ര സുരക്ഷയ്ക്കാകും പ്രതിരോധ മന്ത്രിമാർ ചർച്ചയിൽ ഊന്നൽ നൽകുക. യോഗങ്ങളുടെ തീയതിയും സമയവും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല. അതേ സമയം, നടക്കാൻ പോകുന്ന ത്രിരാഷ്ട്ര കൂടിക്കാഴ്ചയെ പറ്റി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയുമായി ഓഗസ്റ്റ് 26ന് ഫോൺ കോൾ വഴി ചർച്ച നടത്തിയതായി ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രി റെറ്റ്നോ മാർസുഡി ട്വീറ്റ് ചെയ്തിരുന്നു.
ജൂലായ് അവസാനം ഇന്തോനേഷ്യൻ പ്രതിരോധമന്ത്രി പ്രബാവോ സുബിയാന്റോ ന്യൂഡൽഹിയിലെത്തിയിരുന്നു. സുരക്ഷാ സഹകരണത്തിന്റെ വ്യാപനത്തെ പറ്റിയും അതിർത്തിയിൽ ചൈനയുടെ ഇടപെടലുകളെ സംബന്ധിച്ചും അന്ന് ഇരുരാജ്യങ്ങളും ചർച്ച ചെയ്തിരുന്നു. കൊവിഡ് കാലത്ത് ഇന്ത്യ സന്ദർശിക്കുന്ന അപൂർവം ചില വിദേശ നേതാക്കളിൽ ഒരാളായിരുന്നു പ്രബാവോ സുബിയാന്റോ. ഇന്തോനേഷ്യയ്ക്ക് ബ്രഹ്മോസ് ക്രൂസ് മിസൈൽ നൽകുന്നത് സംബന്ധിച്ച ചർച്ചകളും നടന്നിരുന്നു. പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.