army

ന്യൂഡല്‍ഹി: ഇന്ത്യ-ചെെന സംഘർഷങ്ങൾക്കിടയിൽ ചെെനയ്ക്ക് വീണ്ടും തിരിച്ചടി. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാന മേഖലയുടെ നിയന്ത്രണം ഇന്ത്യൻ സേന ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തുളള ഉയര്‍ന്ന പ്രദേശങ്ങളിലെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ തടാകത്തിന്റെ വടക്കന്‍ തീരത്തുളള ഉയര്‍ന്ന പ്രദേശങ്ങളുടെ നിയന്ത്രണവും കൈവശപ്പെടുത്തിയതായി സേനാ വൃത്തങ്ങള്‍
അറിയിച്ചു.

അതിർത്തിയിൽ ചെെനീസ് സെെന്യത്തിന് അഭിമുഖമായാണ് ഇന്ത്യന്‍ സൈന്യം നിലക്കൊളളുന്നത്.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നിയന്ത്രണരേഖയില്‍ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ സേനാവിന്യാസത്തില്‍ ഇന്ത്യൻ സെെന്യം ചില മാറ്റങ്ങള്‍ വരുത്തിയതായും റിപ്പോർട്ടുകുളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയുടെ മണ്ണിലേക്ക് കടന്നുകയറാനുളള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. ഇതിലൂടെ പാംഗോങ് തടാകത്തിന്റെ തെക്കന്‍ മേഖലകളിൽ കൂടുതൽ മാറ്റങ്ങള്‍ വരുത്താനായിരുന്നു ചൈനീസ് സെെന്യത്തിന്റെ നീക്കം. തന്ത്രപ്രധാനമായ പ്രദേശങ്ങൾ കൈവശപ്പെടുത്താനുളള ചൈനയുടെ നീക്കമാണ് തടഞ്ഞതെന്നും ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ചൈനയുടെ മേഖലയിലേക്ക് കടന്നുകയറിയിട്ടില്ലെന്നും സ്വന്തം പോസ്റ്റുകളില്‍ ആധിപത്യം ഉറപ്പിക്കാൻ സാധിച്ചുവെന്നും ഇന്ത്യൻ സെെന്യം അറിയിച്ചു. നിലവിൽ പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളിൽ ഇന്ത്യൻ സേന ആധിപത്യം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യ ഫിംഗര്‍ നാലില്‍ നിയന്ത്രണം ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ സൈനിക വൃത്തങ്ങള്‍ തളളി.