flat

കൊച്ചി: സുപ്രീം കോടതിയുടെ നി‌ർദേശപ്രകാരം പൊളിച്ച മരടിലെ ആൽഫ സെറിൻ ഫ്ലാറ്റിന്റെ കായലിൽ വീണ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് കായലിൽ നിന്നും അവശിഷ്ടങ്ങൾ നീക്കുന്നത്. അവശിഷ്ടങ്ങള്‍ നീക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 11, 12 തീയതികളിലായാണ് പൊളിച്ചു നീക്കിയത്. നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്തപ്പോൾ കായലിൽ വീണ ആൽഫാ സെറിന്റെ അവശിഷ്ടങ്ങളാണ് ഫ്‌ളാറ്റ് പൊളിച്ച് ഏഴ് മാസത്തിനു ശേഷം കരാറുകാരായ വിജയ് സ്റ്റീൽസ് ഇപ്പോൾ നീക്കം ചെയ്യുന്നത്. കായലിലേക്ക് താൽക്കാലിക ബണ്ട് നിർമിച്ച് യന്ത്ര സഹായത്തോടെയാണ് അവശിഷ്ടങ്ങൾ കരയിലെത്തിക്കുന്നത്.