jose-k-mani-p-j-joseph

കോട്ടയം: കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ജില്ലാ നേതൃയോഗങ്ങൾ ഇന്ന് മുതൽ തുടങ്ങും. രണ്ടില ചിഹ്നത്തിൽ വിജയിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മറ്റ് വിഭാഗങ്ങളിലേക്ക് പോയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കാൻ നേതൃയോഗങ്ങളിൽ തീരുമാനമുണ്ടാകും. രണ്ടില ചിഹ്നവും, കേരളാ കോൺഗ്രസ് എന്ന പേരും ജോസ് കെ.മാണി വിഭാഗത്തിന് ലഭിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലകളിൽ നിന്നുള്ള സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും, സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായിരിക്കും യോഗങ്ങളിൽ പങ്കെടുക്കുക.

പാർട്ടി അധികാര തർക്കത്തിൽ നിർണായക വിജയം നേടിയതോടെ പി.ജെ ജോസഫിനൊപ്പം പോയവരെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ജോസ്. കെ.മാണി പയറ്റുന്നത്. അതേസമയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിക്കെതിരെ കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങാനുള്ള നീക്കങ്ങളാണ് പി.ജെ. ജോസഫ് നടത്തുന്നത്. ജോസ്.കെ. മാണി തിരികെ യു.ഡി.എഫിലേക്ക് വരാതിരിക്കാൻ കടുത്ത സമ്മർദം തുടരുകയാണ് ജോസഫ് പക്ഷം. മുന്നണിയിലേക്ക് തിരികെ വരുന്നതിന് മുന്നോടിയായി കടുത്ത വിലപേശൽ നടപടികൾ ജോസ് പക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.